Posted By user Posted On

വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

ദുബായ് : യുഎഇയിൽ വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താനും ദുർഘട മേഖലകളിൽ ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവർത്തനം നടത്താനും ശ്വാന സേനയെ സജ്ജമാക്കി ദുബായ് പൊലീസ്.
കാണാതായവരെ കണ്ടെത്താനും ഒളിപ്പിച്ചുവച്ച ലഹരിമരുന്നും സ്ഫോടക വസ്തുക്കളും മണത്തറിഞ്ഞു കണ്ടെത്താനും വിദഗ്ധ പരിശീലനം ലഭിച്ചവയാണ് കെ–9 നായകൾ. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനും ഇവയെ ഉപയോഗിച്ചുവരുന്നു.
കൂടാതെ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുക്കുന്നതിനു ശ്വാനസേന സഹായിക്കുന്നു. ഇതുമൂലം കാണാതായവരെ എളുപ്പത്തിൽ കണ്ടെത്താനും തിരിച്ചറിയൽ പ്രക്രിയ സുഗമമാക്കാനും സാധിക്കുന്നതായി ദുബായ് പോലീസിലെ കെ9 സുരക്ഷാ വിഭാഗം ഡയറക്ടർ മേജർ സലാ അൽ മസ്റൂയി പറഞ്ഞു.
സാംക്രമിക രോഗികളെയും വിട്ടുമാറാത്തതുമായ രോഗങ്ങൾ ബാധിച്ചവരെയും കണ്ടെത്താൻ പൊലീസ് നായ്ക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. മാർച്ച് 7-9 തീയതികളിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിൽ കെ–9ന്റെ വൈദഗ്ധ്യം പ്രദർശിപ്പിക്കും. കോവിഡ് മഹാമാരി രൂക്ഷമായ കാലങ്ങളിൽ യാത്രക്കാരിലെ കോവിഡ് ബാധിതരെ കണ്ടെത്താൻ ശ്വാനസേനക്കു കഴിയുമെന്ന് യുഎഇ തെളിയിച്ചിരുന്നു.
ഉയർന്ന താപനില നായ്ക്കളുടെ ആരോഗ്യത്തെയും പ്രകടനത്തെയും സാരമായി ബാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഇതു മറികടക്കാനുള്ള ഉപാധികൾ ലോക പൊലീസ് ഉച്ചകോടിയിൽ ചർച്ച ചെയ്യും. സുരക്ഷാ ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചെലവ് കുറഞ്ഞ സുരക്ഷാ രീതി ആവിഷ്ക്കരിക്കുന്നത് സംബന്ധിച്ചും ഉച്ചകോടി ചർച്ച നടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *