
New Marine Transport Project in Ras Al Khaimah റാസ് അൽ ഖൈമയിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സമുദ്ര ഗതാഗത പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി അധികൃതർ. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പദ്ധതി റോഡ് മാർഗമുള്ള യാത്രയേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളും കൂടുതൽ വിവരങ്ങളും പുറത്തുവിടുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
റാസ് അൽ ഖൈമ എനർജി ഉച്ചകോടിക്കിടെ ഖലീജ് ടൈംസിനോട് സംസാരിക്കവെ, അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ഷർഹാനാണ് പുതിയ പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ചത്. മേഖലയിലെ ആദ്യ സംരംഭങ്ങളിലൊന്നായിരിക്കും പുതിയ സമുദ്ര ഗതാഗത സംവിധാനമെന്നും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റാസ് അൽ ഖൈമയ്ക്കുള്ളിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം എമിറേറ്റിന് പുറത്തേക്കുള്ള യാത്രാ ബന്ധങ്ങളും പദ്ധതിയുടെ പരിധിയിൽ വരും. എന്നാൽ സർവീസ് ആരംഭിക്കുന്ന റൂട്ടുകൾ, യാത്രാസമയം, ഉപയോഗിക്കുന്ന സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2027 മൂന്നാം പാദത്തിൽ പറക്കും ടാക്സികൾ
സമുദ്ര ഗതാഗത പദ്ധതിക്കൊപ്പം പറക്കും ടാക്സി സർവീസുകൾ ആരംഭിക്കാനും റാസ് അൽ ഖൈമ ലക്ഷ്യമിടുന്നുണ്ട്. 2027-ലെ മൂന്നാം പാദത്തിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ അൽ മർജാൻ ഐലൻഡിനെയും ജബൽ ജെയ്സിനെയും ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികൾ പ്രവർത്തിക്കുക.
പറക്കും ടാക്സി സർവീസുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ബ്രിട്ടീഷ് കമ്പനിയായ സ്കൈപോർട്സുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിനായുള്ള സ്റ്റേഷനുകളുടെ രൂപകൽപ്പനാ പ്രവർത്തനങ്ങളും ആരംഭിച്ചു. ഭാവിയിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ, സ്വയംനിയന്ത്രിത വാഹനങ്ങൾ
റോഡ്, കടൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ മാത്രമല്ല, സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, സ്വയംനിയന്ത്രിത വാഹനങ്ങൾ എന്നിവയും ഉൾപ്പെടുന്ന സമഗ്ര യാത്രാ ശൃംഖല വികസിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
അൽ നഖീൽ മേഖലയിൽ ചെറുദൂര യാത്രകൾക്കായി പുതിയ സംവിധാനങ്ങൾ നടപ്പാക്കാനും ഭാവിയിൽ പ്രധാന ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. വീടുകളിൽനിന്ന് ബസ് സ്റ്റേഷനുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.
വിവിധ ഗതാഗത സംവിധാനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ
വ്യത്യസ്ത ഗതാഗത സംവിധാനങ്ങളെ ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെ ബന്ധിപ്പിക്കാനും റാസ് അൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി പദ്ധതിയിടുന്നു. യാത്രക്കാർക്ക് ലഭ്യമായ റൂട്ടുകൾ പരിശോധിക്കാനും വിവിധ ഗതാഗത മാർഗങ്ങൾ ഉൾപ്പെടുത്തി യാത്ര ആസൂത്രണം ചെയ്യാനും പണമടയ്ക്കാനും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം.
സ്വകാര്യ വാഹനങ്ങളെ മാത്രം ആശ്രയിക്കാതെ പൊതുഗതാഗതം കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
2030 വരെയുള്ള എമിറേറ്റിന്റെ ഗതാഗത വികസന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. ജനസംഖ്യയും വിനോദസഞ്ചാര മേഖലയും വളരുന്ന സാഹചര്യത്തിൽ താമസക്കാർക്കും സന്ദർശകർക്കും വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാ സംവിധാനങ്ങൾ ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.