
Middle East war tensions; ഹോർമുസ് കടലിടുക്കിന് സമീപം കൂറ്റൻ എണ്ണക്കപ്പൽ സ്ഫോടനത്തിൽ തകരുകയും യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ പൂർണ്ണമായും തള്ളുകയും ചെയ്തതോടെ പശ്ചിമേഷ്യൻ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. തങ്ങളുടെ ഏഴ് ഉപാധികൾ പൂർണ്ണമായും അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തെഹ്റാൻ വ്യക്തമാക്കിയതിന് പിന്നാലെ, മേഖലയിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും പതിനായിരത്തോളം സൈനികരെയും അധികമായി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുകയാണ്. സൗദി അറേബ്യയ്ക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ പതിവായതും ഹോർമുസ് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായി. ഇരുപത് ലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണയുമായി പോവുകയായിരുന്ന സൂപ്പർ ടാങ്കർ കപ്പൽ ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് നാവിക മൈനിൽ ഇടിച്ച് വൻ സ്ഫോടനത്തോടെ കത്തിയമർന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നേവി അറിയിച്ചു. റഡാറും നാവിഗേഷൻ സംവിധാനങ്ങളും ഓഫാക്കി മുന്നറിയിപ്പുകൾ അവഗണിച്ച് അനധികൃത തെക്കൻ റൂട്ടിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി. സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ശക്തമായ നടപടിയുണ്ടാകുമെന്നും കപ്പൽ ഉടമകളും ജീവനക്കാരും ഇതിന് ഉത്തരവാദികളായിരിക്കുമെന്നും ഗാർഡ് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടു. അമേരിക്ക ഉപാധികൾ അംഗീകരിക്കാതെ ഇനി യാതൊരു ഒത്തുതീർപ്പ് ചർച്ചയുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം അദ്ദേഹം പൂർണ്ണമായും തള്ളി. ഇറാനിലെ സമ്പുഷ്ട ആണവ ശേഖരത്തിൽ നിന്ന് ഒരു തരി പോലും വിദേശത്തേക്ക് കൊണ്ടുപോകില്ല, അത് രാജ്യത്തിന്റെ സ്വത്താണ്, റെസായി വ്യക്തമാക്കി. അമേരിക്കൻ ഭീഷണികൾക്കോ സൈനിക നീക്കങ്ങൾക്കോ ഇറാന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ലെന്നും ഉപരോധങ്ങൾ പിൻവലിക്കലും വെടിനിർത്തലും ഉൾപ്പെടെയുള്ള ഏഴ് ഉപാധികൾ പാലിക്കാതെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയില്ലെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും അസിം മുനീറിനെ അറിയിച്ചു. അമേരിക്ക തങ്ങളുടെ ഉപാധികൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഏഴ് ദിവസത്തെ ഒരു ഫോർമുലയാണ് ഇറാൻ മുന്നോട്ടുവെച്ചതെന്നും, ഇതനുസരിച്ച് ആറാം ദിവസം കടലിടുക്ക് തുറക്കാമെന്നുമായിരുന്നു ധാരണ. എന്നാൽ യുഎസ് കൂടുതൽ പുതിയ നിബന്ധനകൾ വെച്ചതോടെയാണ് ചർച്ച വഴിമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
എത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വന്നാലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും അടിയറവ് വെക്കില്ലെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഭരണഘടനാ വിപ്ലവ നായകൻ സത്താർ ഖാന്റെ പ്രശസ്തമായ പ്രസ്താവന ഓർമ്മിപ്പിച്ചുകൊണ്ട്, “ഞങ്ങൾ മണ്ണു തിന്നേണ്ടി വന്നാലും ഭൂമി ആർക്കും വിട്ടുകൊടുക്കില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് നടത്തുന്ന ആക്രമണങ്ങളും ഉപരോധങ്ങളുമാണ് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് വഴിവെച്ചതെന്ന് പാക് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചയിലും പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി. എത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വന്നാലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും അടിയറവ് വെക്കില്ലെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഭരണഘടനാ വിപ്ലവ നായകൻ സത്താർ ഖാന്റെ പ്രശസ്തമായ പ്രസ്താവന ഓർമ്മിപ്പിച്ചുകൊണ്ട്, “ഞങ്ങൾ മണ്ണു തിന്നേണ്ടി വന്നാലും ഭൂമി ആർക്കും വിട്ടുകൊടുക്കില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് നടത്തുന്ന ആക്രമണങ്ങളും ഉപരോധങ്ങളുമാണ് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് വഴിവെച്ചതെന്ന് പാക് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചയിലും പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ സഖ്യസേന വെടിവെച്ചിട്ടു. റിയാദ് നഗരത്തിന് മുകളിലും, കിഴക്കൻ പ്രവിശ്യയിലും, പുണ്യനഗരമായ മദീന മേഖലയിലുമാണ് ഡ്രോണുകൾ തകർത്തതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ-മാലികി സ്ഥിരീകരിച്ചു. സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൂർണ്ണ പിന്തുണ നൽകുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് വ്യക്തമാക്കി.ഹോർമുസ് പ്രതിസന്ധിയും സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഭീഷണിയും എണ്ണ വിപണിയെ പ്രക്ഷുബ്ധമാക്കി. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109.64 ഡോളറിലെത്തി. യുഎസ് ഡബ്ല്യു.ടി.ഐ വില 98.58 ഡോളറായും ഉയർന്നു. വിതരണം തടസ്സപ്പെടുമെന്ന ഭീതിയാണ് വില കുതിച്ചുയരാൻ കാരണം. ഇംഗ്ലണ്ടിലെ ആർ.എ.എഫ് ഫെയർഫോർഡ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന കേസിൽ രണ്ട് പേരെ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന വീണ്ടും അറസ്റ്റ് ചെയ്തു. ഇറാന്റെ അതിർത്തി പ്രദേശങ്ങളിലും ഇറാഖിലെ കുർദിസ്ഥാനിലും യുക്രെയ്ൻ തങ്ങളുടെ ഡ്രോൺ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനെതിരെ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ തസ്നീം വാർത്താ ഏജൻസി ആരോപിച്ചു.