
Luggage rules for Gulf travelers; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ജോലിസ്ഥലത്തേക്ക് മടങ്ങിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ നഴ്സ് ഫിലോമിനയെ സൗദി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന ഇവർ, ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. മനഃപൂർവമല്ലെങ്കിൽ പോലും നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ചെറിയ അശ്രദ്ധയും ഒരു പ്രവാസിയുടെ ജീവിതം എങ്ങനെ തകിടം മറിക്കുമെന്നതിന്റെ ഒടുവിലത്തെ മുന്നറിയിപ്പാണിത്. മയക്കുമരുന്നിനും ലഹരിവസ്തുക്കൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സൗദി ഭരണകൂടം സ്വീകരിക്കുന്നത്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് വധശിക്ഷയടക്കം അതീവ കഠിനമായ ശിക്ഷകളാണ് കാത്തിരിക്കുന്നത്. ഇന്ത്യയിൽ ഡോക്ടർമാർ സാധാരണയായി കുറിച്ചുനൽകുന്ന പല വേദനസംഹാരികളും ഉറക്കഗുളികകളും മറ്റ് മരുന്നുകളും സൗദിയിൽ കർശന നിയന്ത്രണമുള്ളതോ പൂർണമായും നിരോധിച്ചതോ ആകാം. ഡോക്ടറുടെ കുറിപ്പടിയും ബില്ലും കൈവശമുണ്ടെങ്കിൽ പോലും, സൗദിയിലെ നിയമപ്രകാരം മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെങ്കിൽ നടപടി ഉറപ്പാണ്.
മരുന്നുകൾ വലിയ അളവിൽ വാങ്ങിക്കൂട്ടുന്നത്
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് അടുത്ത 6 മാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള മരുന്നുകൾ ഒന്നിച്ചു വാങ്ങി ബാഗിൽ നിറയ്ക്കുന്നത് കസ്റ്റംസ് പരിശോധനയിൽ ഗുരുതര നിയമലംഘനമായി മാറും.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ‘കൈസഹായം’
ലഗേജിൽ അധികഭാരമില്ലല്ലോ എന്ന് കരുതി അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി പരിശോധിക്കാതെ മരുന്നുപൊതികൾ വാങ്ങി കൊണ്ടുപോകുന്നത് പലരെയും എത്തിച്ചിട്ടുള്ളത് ജയിലറകളിലാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നിരോധിത ചേരുവകൾ പരിശോധിക്കുക
മരുന്നുകൾ പാക്ക് ചെയ്യുന്നതിന് മുൻപായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) ഔദ്യോഗിക വെബ്സൈറ്റ് (www.sfda.gov.sa) സന്ദർശിച്ച് കൈവശമുള്ള മരുന്നിലെ ചേരുവകൾ നിരോധിത പട്ടികയിലുണ്ടോ എന്ന് പരിശോധിക്കുക.
ഓൺലൈൻ മുൻകൂർ അനുമതി നേടുക
നിയന്ത്രിത വിഭാഗത്തിലുള്ള മരുന്നുകൾ കൊണ്ടുപോകണമെങ്കിൽ യാത്രയ്ക്ക് മുൻപ് തന്നെ SFDA-യുടെ ‘കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റം’ (CDS – cds.sfda.gov.sa) വഴി ഓൺലൈനായി അപേക്ഷിച്ച് ഔദ്യോഗിക അനുമതി പത്രം കൈപ്പറ്റണം. ഡോക്ടറുടെ യഥാർത്ഥ കുറിപ്പടിയും മെഡിക്കൽ റിപ്പോർട്ടും കൈവശം കരുതുകയും മരുന്നുകൾ ഒറിജിനൽ ബോക്സിൽ തന്നെ സൂക്ഷിക്കുകയും വേണം.
അളവ് പരിമിതപ്പെടുത്തുക
ദീർഘകാലത്തേക്കുള്ള മരുന്നുകൾ ഒരുമിച്ച് കൊണ്ടുപോകരുത്. നിർദ്ദേശിച്ചിട്ടുള്ള ചുരുങ്ങിയ കാലയളവിലേക്ക് മാത്രമുള്ള മരുന്ന് കരുതുക.
മറ്റുള്ളവരുടെ പൊതികൾ നിരസിക്കുക
എത്ര അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആയാലും അവരുടെ ആവശ്യപ്രകാരം മരുന്നുകളോ അജ്ഞാത പൊതികളോ ലഗേജിൽ സൂക്ഷിക്കാൻ വിസമ്മതിക്കുക. സ്നേഹപൂർവം ‘ഇല്ല’ എന്ന് പറയുന്നത് സ്വന്തം ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കും.
ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടോ അനാവശ്യമായ ദാക്ഷിണ്യം കൊണ്ടോ ജീവിതം ഇരുമ്പഴിക്കുള്ളിലാവാതിരിക്കാൻ ഓരോ പ്രവാസിയും സൗദി അറേബ്യയുടെ നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കുക.