
NORKA Returnee ID Card; പ്രവാസജീവിതത്തിന്റെ തിരശ്ശീല താഴ്ത്തി ജന്മനാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തുന്നവർക്കായി സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് ഏർപ്പെടുത്തിയ ‘റിട്ടേണി ഐ.ഡി കാർഡ്’ ഏറെ ശ്ലാഘനീയമായ ഒരു ചുവടുവെപ്പാണ്. എന്നാൽ, ഇതിനെ കേവലം പേഴ്സിലിരിക്കേണ്ട മറ്റൊരു തിരിച്ചറിയൽ രേഖയായി മാത്രം ഒതുക്കിയാൽ പദ്ധതി വിഭാവനം ചെയ്യുന്ന വിപ്ലവകരമായ മാറ്റങ്ങൾ പാതിവഴിയിൽ നിലച്ചുപോകും. തിരികെ എത്തിയ പ്രവാസിയുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ശക്തമായൊരു ‘സാമൂഹിക സുരക്ഷാ കവച’മായി ഈ കാർഡ് പരിണമിക്കേണ്ടതുണ്ട്. പതിറ്റാണ്ടുകളോളം കടൽ കടന്നും അന്യസംസ്ഥാനങ്ങളിൽ അലഞ്ഞും വിയർപ്പൊഴുക്കിയ പ്രവാസികളാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയിൽ താങ്ങിനിർത്തിയത്. എന്നാൽ, പ്രവാസത്തിന്റെ വെളിച്ചം മങ്ങി പെട്ടി മടക്കി നാട്ടിലെത്തുമ്പോൾ പലരും ഇവിടെ അനാഥരാകുന്നു എന്നതാണ് കയ്പേറിയ യാഥാർത്ഥ്യം. ബാങ്ക് അക്കൗണ്ടിലെ നീക്കിയിരിപ്പ് കുറയുന്നതോടെ ആരോഗ്യപരമായ വെല്ലുവിളികളും സാമ്പത്തിക അനിശ്ചിതത്വവും അവരെ വേട്ടയാടുന്നു. അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ നേടാൻ പോലും കടമ്പകളേറെയാണ്.
- അർഹത: വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ചുരുങ്ങിയത് രണ്ടു വർഷം ജോലി ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം.
- കാലാവധിയും ഫീസും: മൂന്നു വർഷം കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്.
- അപേക്ഷാ സൗകര്യം: നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ ഇതിനായി പ്രത്യേക സഹായകേന്ദ്രവും സജ്ജമാണ്.
എന്നാൽ, കാർഡ് കൈമാറുന്നതിലൂടെ സർക്കാരിന്റെ ദൗത്യം അവസാനിക്കുന്നില്ല; മറിച്ച് അവിടെ നിന്നാണ് യഥാർത്ഥ ഉത്തരവാദിത്തം ആരംഭിക്കുന്നത്. “ഒരു കാർഡ് സമഗ്ര അവകാശങ്ങൾ” എന്ന നയത്തിലേക്ക് ഈ പദ്ധതി വളരണം. തൊഴിൽ, ആരോഗ്യം, സംരംഭകത്വം, പെൻഷൻ, കുടുംബ സുരക്ഷ, സൗജന്യ നിയമസഹായം തുടങ്ങിയ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുന്ന ഒരു ‘ഏകജാലക സംവിധാന’ത്തിന്റെ താക്കോലായി ഈ ഐ.ഡി മാറണം. ഓരോ ആവശ്യങ്ങൾക്കുമായി പ്രവാസി വീണ്ടും വീണ്ടും ഫയലുകളുമായി സർക്കാർ ഓഫീസുകളുടെ വരാന്തകൾ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ഇതോടൊപ്പം, പ്രവാസത്തിലൂടെ അവർ ആർജ്ജിച്ചെടുത്ത പ്രൊഫഷണൽ വൈദഗ്ധ്യവും അനുഭവസമ്പത്തും കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താൻ വ്യക്തമായ പദ്ധതിയുണ്ടാകണം. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മൂലധനവും കൃത്യമായ മാർഗനിർദേശവും, തൊഴിലന്വേഷകർക്ക് അവരുടെ മുൻപരിചയത്തിന് ഇണങ്ങുന്ന തൊഴിലവസരങ്ങളും, വിശ്വസനീയമായ നിക്ഷേപ പദ്ധതികളും ഈ കാർഡുമായി ബന്ധിപ്പിച്ച് ഉറപ്പുവരുത്തണം. പ്രവാസികളുടെ സംഭാവനകളെ പ്രസംഗവേദികളിൽ വാഴ്ത്താൻ മാത്രം പോരാ നമ്മുടെ ശ്രദ്ധ. പ്രവാസാനന്തരം അവരെ എങ്ങനെ ചേർത്തുപിടിക്കുന്നു എന്നതിലാണ് ഒരു നാടിന്റെ നന്മ അളക്കപ്പെടുന്നത്. കേരളത്തെ പടുത്തുയർത്തിയവർക്ക് തിരികെ നൽകേണ്ടത് ഔദാര്യമല്ല, നാടിന്റെ കടമയാണ്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി നോർക്ക റിട്ടേണി ഐ.ഡി മാറട്ടെ!