ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലേക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.
യു.എ.ഇയിലെ രണ്ടാമത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ‘du’ തിങ്കളാഴ്ചയാണ് ‘സാലറി ഇൻ ദി ഡിജിറ്റൽ വാലറ്റ്’ (SITW) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ‘du Pay’ ഡിജിറ്റൽ വാലറ്റിലേക്ക് ജീവനക്കാർക്ക് ശമ്പളം നേരിട്ട് ലഭിക്കും.
ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ‘du Pay’ പ്ലാറ്റ്ഫോം ഉപയോഗിച്ച് യു.എ.ഇ. നിവാസികൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തേക്കും പണം അയക്കാനും, ബില്ലുകൾ അടക്കാനും, മൊബൈൽ റീചാർജ് ചെയ്യാനും, ഡെബിറ്റ് കാർഡ് ഓർഡർ ചെയ്യാനും, കാർഡ് പേയ്മെന്റുകൾ നടത്താനും സാധിക്കും. നിലവിൽ, ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ വാലറ്റുകൾ യു.എ.ഇയിൽ പ്രചാരത്തിലുണ്ട്.
പ്രത്യേകിച്ചും ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ പണം സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്നതിനായി ഡിജിറ്റൽ വാലറ്റുകളുടെ ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ വാലറ്റിലേക്ക് ശമ്പളം സ്വീകരിക്കുന്നതിനായി, ‘du Pay’ അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു യുണീക്ക് ഐ.ബി.എ.എൻ (IBAN) ലഭിക്കും. ഇത് വഴി du Pay മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. പണരഹിത ഇടപാടുകൾക്കായി ഒരു ഫിസിക്കൽ ‘du Pay’ കാർഡും ലഭിക്കും.
പ്രതിമാസം 5,000 ദിർഹമിൽ താഴെ വരുമാനമുള്ള, പരമ്പരാഗത ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ജീവനക്കാർക്ക് ഈ ഫീച്ചർ വളരെ പ്രയോജനകരമാകുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ, ഉപയോക്താക്കൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
റിസർച്ച് ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, യു.എ.ഇയിലെ പ്രീപെയ്ഡ് കാർഡ്, ഡിജിറ്റൽ വാലറ്റ് മാർക്കറ്റ് 2025-ഓടെ 12.7 ശതമാനം വാർഷിക വളർച്ചയോടെ 8.28 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളുടെ വർധനയും സർക്കാർ മുൻകൈകളും ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളാണ്. 2029-ഓടെ ഇത് 12.43 ബില്യൺ ഡോളറായി വളരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
DOWNLOAD ‘du Pay’ https://dupay.ae/en
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t