
യുഎഇയിൽ രണ്ട് കമ്പനികൾക്ക് വമ്പൻ പിഴ
എമിറേറ്റിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന രണ്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് നിശ്ചിത റിപ്പോർട്ടിങ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) പിഴ ചുമത്തി. ഓരോ കമ്പനിക്കും ഒരു ലക്ഷം ദിർഹം വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
2024 ജൂൺ 30ന് അവസാനിക്കുന്ന സാമ്പത്തിക കാലയളവിലെ ത്രൈമാസ ഇടക്കാല സാമ്പത്തിക സ്റ്റേറ്റ്മെൻറുകൾ നിയമപരമായ സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടതായി വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. സാമ്പത്തിക സേവന സ്ഥാപനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് എസ്.സി.എ നടപ്പാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പിഴ ചുമത്തിയത്. യു.എ.ഇയിലെ സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എസ്.സി.എ നിർണായക പങ്കാണ് വഹിക്കുന്നത്. സാമ്പത്തിക വിപണികൾ സുതാര്യവും നീതിയുക്തവുമാണെന്നും സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നത് അതോറിറ്റിയാണ്. വഞ്ചന, കൃത്രിമത്വം, മറ്റ് അധാർമിക രീതികൾ എന്നിവ തടയുന്നതിന് സെക്യൂരിറ്റീസ് മാർക്കറ്റുകളിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലെയും വ്യാപാര പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)