
ഇതാവണമെടാ മുതലാളി; മലയാളികളടക്കമുള്ള നഴ്‌സുമാർക്ക് യുഎഇയിൽ സർപ്രൈസ് സമ്മാനം
രാജ്യാന്തര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മലയാളികളടക്കമുള്ള നഴ്‌സുമാരെ കാത്തിരുന്നത് വൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ടൊയോട്ട റാവ്4 കാർ സമ്മാനിച്ചാണ് യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ചവച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ഫോഴ്സ് അവാർഡ്സിലാണ് 26 ലക്ഷം രൂപ വിലമതിക്കുന്ന കാറുകൾ ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യാക്കാരനുള്ളത്. ബാക്കി ഫിലിപ്പീൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എല്ലാ വർഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാർ സമ്മാനമായി ലഭിക്കുന്നുവെന്നറിഞ്ഞപ്പോൾ പലരും സന്തോഷക്കണ്ണീരിലായി. വേദിയിൽ എന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂവെന്നും ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ലെന്നും വിജയികളിലൊരാളായ അനി എം. ജോസ് പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നഴ്സിങ് എജ്യുക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശിനി അനി യുഎഇയിലെത്തിയത് 2015 ൽ. തന്റെ 11 വർഷത്തെ കരിയറിൽ ആർജിച്ചെടുത്തത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ.ലേബർ ആൻഡ് ഡെലിവറി യൂണിറ്റിൽ ജോലി ചെയ്യുന്ന കാലം. ഓരോ ഷിഫ്റ്റും സന്തോഷവും ആകാംക്ഷയും നിറഞ്ഞതായിരുന്നു. അന്നെനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് സേഫ് ഡെലിവെറിക്ക് ശേഷം ഒരു രോഗി എന്റെ കൈ പിടിച്ച് ഞാൻ അവരെ ഒരു ചേച്ചിയെ പോലെ നോക്കി എന്ന് പറഞ്ഞത്. കണക്കിനെ പേടിച്ച് നഴ്സിങ്ങിലേക്ക് തിരിഞ്ഞ അനി പിന്നീട് മേഖലയിലെ വൻ അവസരങ്ങൾ തിരിച്ചറിഞ്ഞു മുന്നേറി. നഴ്‌സിങ്ങിൽ ഡോക്ടറേറ്റ് എടുത്ത് ആതുരസേവന രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ തയ്യാറെടുക്കുകയാണ് അനി ഇപ്പോൾ. അൽ റീമിലെ ബുർജീൽ ഡേ സർജറി സെന്ററിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി, ദുബായ് മെഡിയോർ ആശുപത്രിയിൽ നഴ്സായ സിബി മാത്യു, അൽ ഐനിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ ഐസിയു നേഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികൾ. എറണാകുളത്തു നിന്നും യുഎഇയിലേക്ക് ചേക്കേറിയ സിബി കൂടുതലും ഡയാലിസിസ് രോഗികളെയാണ് പരിചരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)