Posted By user Posted On

യുഎഇയിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് എതിരായ ആരോപണം; മറുപടിയുമായി അധികൃതർ

തുടർച്ചയായി ഒമ്പതാം തവണയാണ് യുഎഇ സ്വദേശിയായ മാഹാ ഡ്രൈവിം​ഗ് ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ എമിറേറ്റിലെ മറ്റൊരു ഡ്രൈവിം​ഗ് സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചു. പുതിയ സ്ഥലത്തെ പരിശീലനത്തിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ചു. ആദ്യത്തെ ഡ്രൈവിം​ഗ് സ്കൂളിലെ ഇൻസ്ട്രക്ടർ തന്നെ മനഃപൂർവ്വം തോൽപ്പിക്കുകയായിരുന്നെന്ന് എമിറാത്തി പറഞ്ഞു. വളരെക്കാലമായി യുഎഇയിലെ ചില ഡ്രൈവിം​ഗ് സ്കൂളുകൾക്കെതിരെ ആരോപണമുയരുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ പണം കൈപ്പറ്റുന്നതിനായി പലരെയും മനഃപ്പൂർവ്വം തോൽപ്പിക്കുകയാണെന്നാണ് ആരോപണം. ലെബനൻ സ്വദേശിയും യുഎഇയിൽ താമസമാക്കിയ ബിലാൽ യാസിർ ആറ് തവണ ടെസ്റ്റിൽ പരാജയപ്പെട്ടെന്നും ഏഴാം തവണ ഡ്രൈവിം​ഗ് സ്കൂൾ മാറ്റി നടത്തിയ ടെസ്റ്റിൽ വിജയിച്ചെന്നും പറയുന്നു. പല സ്ഥാപനങ്ങൾക്കും എക്സാമിനർമാരുമായി നല്ല ബന്ധമുണ്ട് അത് ടെസ്റ്റിൽ സ്വാധീനിക്കുന്നുണ്ടെന്നും യാസിർ പറഞ്ഞു. അതേസമയം ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ പൂർണ്ണമായും കുറ്റപ്പെടുത്താനാവില്ലെന്നും വിദ്യാർത്ഥികൾ ചെറുതും ലളിതവുമായ തെറ്റുകൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലതവണ ടെസ്റ്റിൽ പരാജയപ്പെട്ട നിരവധി പേർ സോഷ്യൽമീഡിയയിൽ വിവിധ പോസ്റ്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. യുഎഇ ലൈസൻസ് പ്രക്രിയ പോക്കറ്റ് കാലിയാക്കുമെന്ന അടിക്കുറിപ്പുകളോടെയാണ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും ടിക്ടോക്കിലും പ്രചരിക്കുന്നത്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡ്രൈവിം​ഗ് സ്കൂളുകൾ പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകൾ സാമ്പത്തിക നേട്ടത്തിനായി പഠന പ്രക്രിയ നീട്ടിക്കൊണ്ടുപോകുമെന്ന ധാരണ തീർത്തും തെറ്റാണെന്നും വിദ്യാർത്ഥി കേന്ദ്രീകൃതമാണ് ക്ലാസുകളെന്നും ഗലദാരി മോട്ടോർ ഡ്രൈവിംഗ് സെൻ്ററിലെ മാർക്കറ്റിംഗ് മേധാവി സമീർ ആഘ പറഞ്ഞു. ഒരു ഡ്രൈവിംഗ് സ്കൂൾ ഒരിക്കലും വിദ്യാർത്ഥികളെ മനപ്പൂർവ്വം പരാജയപ്പെടുത്തില്ല. ഓരോരുത്തരുടെയും പരാജയകാരണങ്ങൾ വ്യത്യസ്തമായിരിക്കും. റോഡിൽ ആത്മവിശ്വാസത്തോടെ വാ​ഹനമോടിക്കാൻ കഴിയുന്നവർക്ക് ലൈസൻസ് ലഭ്യമാക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്ട്രക്ടർ വജാഹത് നൂർ ആഘ പ്രതികരിച്ചു.

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്, പൗരന്മാരും പ്രവാസികളും എമിറേറ്റുകളിലൊന്നിലെ രജിസ്‌റ്റർ ചെയ്‌ത ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കുകയും വേണം. അംഗീകൃത ഡ്രൈവിംഗ് സെൻ്ററിൽ ഒരു ട്രാഫിക് ഫയൽ തുറക്കുന്നതിലൂടെ ഈ പ്രക്രിയ ആരംഭിക്കും. തുടർന്ന്, മുൻകൂർ ഡ്രൈവിംഗ് പരിചയമില്ലാത്ത വ്യക്തികൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 40 മണിക്കൂർ ഡ്രൈവിംഗ് കോഴ്സുകൾ പൂർത്തിയാക്കണം. ഡ്രൈവിംഗ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ യുഎഇ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് സെറ്റ് ചെയ്യുന്ന വിവിധ പരീക്ഷകളിൽ വിജയിക്കണം. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ വിലയിരുത്തുന്നതിനുള്ള ഒരു സൈദ്ധാന്തിക പരിശോധനയും പാർക്കിംഗ് നടത്താനുള്ള അവരുടെ കഴിവ് വിലയിരുത്തുന്നതിനുള്ള യാർഡ് ടെസ്റ്റും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, യഥാർത്ഥ ലോക സാഹചര്യങ്ങളിൽ അവരുടെ പ്രായോഗിക ഡ്രൈവിംഗ് കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവർ ഒരു അസസ്‌മെൻ്റ് ടെസ്റ്റും ഓൺ-റോഡ് ഡ്രൈവിംഗ് ടെസ്റ്റും വിജയിച്ചിരിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *