52 ഫാൽക്കണുകളെ കൂടി സ്വതന്ത്രമാക്കി യുഎഇ
ദുബൈ: 52 ഫാൽക്കണുകളെ കൂടി യു.എ.ഇ സ്വതന്ത്രമാക്കി. കസാഖ്സ്താനിലെ കാരഗണ്ട കാടുകളിലാണ് ഇവയെ വെള്ളിയാഴ്ച രാവിലെ തുറന്നുവിട്ടത്. വംശനാശ ഭീഷണി നേരിടുന്ന ഫാൽക്കണുകളുടെ അതിജീവനത്തെ സഹായിക്കുന്നതിനായി 30 വർഷം മുമ്പ് രൂപം നൽകിയ ശൈഖ് സായ്ദ് ഫാൽക്കൺ സ്വതന്ത്ര പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. അബൂദബിയിലെ പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു സ്വതന്ത്രമാക്കൽ.
പക്ഷികളെ തുറന്നുവിടുന്നതിന് മുന്നോടിയായി ഏജൻസി ഇവക്ക് വൈദ്യപരിശോധനയും പരിശീലനവും പൂർത്തിയാക്കിയിരുന്നു. ഫാൽക്കണുകളുടെ ശരീരത്തിൽ പ്രത്യേക തിരിച്ചറിയൽ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 11 ഫാൽക്കണുകളിൽ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗതമായ ദേശാന്തരഗമനം നടത്തുന്ന വഴികൾ എന്നിവ നിരീക്ഷിക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
ഫാൽക്കണുകൾക്ക് യോജിച്ച സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനും, പുനരധിവാസം, പരിശീലനം, സ്വതന്ത്രമാക്കൽ, മുന്നൊരുക്കങ്ങളുടെ രൂപം എന്നിവ വികസിപ്പിക്കുന്നതിനായി ശാസ്ത്രീയ വിവരങ്ങൾ ഇവ ശേഖരിക്കും. കാരഗണ്ട മേഖല ഇവയുടെ ആവാസ വ്യവസ്ഥക്ക് യോജിച്ചതാണെന്ന് മുമ്പ് ശേഖരിച്ച വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് അബൂദബിയിലെ ഏജൻസി പറഞ്ഞു.
ഫാൽക്കണുകളുടെ വളർച്ചക്ക് അത്യാവശ്യമായ ഇരകൾക്ക് ജീവിക്കാനുള്ള പർവതങ്ങളും സമതലങ്ങളും ഫാൽക്കണുകളെ സ്വതന്ത്രമാക്കാനുള്ള അനുയോജ്യമായ സ്ഥലം കസാഖ്സ്താൻ നൽകുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)