യുഎഇയിൽ മരുന്ന് വിപണിയിൽ കർശന നിയന്ത്രണം: വില കുറയ്ക്കാനും ലഭ്യത ഉറപ്പാക്കാനും പുതിയ നയം

യുഎഇയിൽ മരുന്നുകളുടെ വില പുനർനിർണ്ണയിക്കാനും അവശ്യ മരുന്നുകൾ രാജ്യത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമായി സർക്കാർ സുപ്രധാന നടപടികൾക്ക് തുടക്കമിട്ടു. വിദേശ വിപണികളെ അപേക്ഷിച്ച് യുഎഇയിൽ മരുന്നുകൾക്ക് ഉയർന്ന വില ഈടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് വിഷയം ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) ചർച്ചയായത്. മരുന്നുകളുടെ വില കുറയ്ക്കുന്നതിനും വിപണി നിയന്ത്രിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിന് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.

അവശ്യ മരുന്നുകൾ യുഎഇയിൽ തന്നെ നിർമ്മിക്കുന്നതിനായി പ്രാദേശിക ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ഇതുവഴി മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ വാങ്ങുന്ന മരുന്നുകളുടെ വിലയും സ്വകാര്യ ഫാർമസികളിൽ ഈടാക്കുന്ന വിലയും തമ്മിലുള്ള വലിയ വ്യത്യാസം പരിഹരിക്കാനും നടപടികൾ സ്വീകരിക്കും. ഫാർമസികളിൽ മരുന്നുകൾക്ക് ഏകീകൃത വില ഉറപ്പാക്കുന്നതിന് കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ നിർമ്മിക്കുന്ന മരുന്നുകൾ ആഗോള നിലവാരമുള്ളതാണെന്നും പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നത് രാജ്യത്തിന്റെ ഔഷധ സുരക്ഷയ്ക്ക് നിർണായകമാണെന്നും എഫ്എൻസി അംഗം നാമ അൽ ഷർഹാൻ പറഞ്ഞു. മരുന്ന് വിലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും സാധാരണക്കാരായ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കണമെന്നുമുള്ള പാർലമെന്റ് അംഗങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി അറിയിച്ചു. നിർദേശിച്ച പരിഷ്കാരങ്ങൾ അടുത്തിടെ തന്നെ നടപ്പിലാകുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ

ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.

ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ

ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *