‘കേട്ടറിഞ്ഞ ജാഡക്കാരനല്ല, തൊട്ടറിഞ്ഞത് മമ്മൂട്ടി എന്ന വികാരം’; മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് യുഎഇയിലെ പ്രവാസി മലയാളി, വൈറലായി പോസ്റ്റ്

മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി നാളെ ജന്മദിനം ആഘോഷിക്കാനിരിക്കുമ്പോൾ, അദ്ദേഹത്തെ അവിചാരിതമായി കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രവാസി മലയാളിയായ ഫദൽ കെ. പടിഞ്ഞാക്കര. ആറ് വർഷം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് മമ്മൂട്ടിയെ കാണുന്നതും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കുന്നതും.

സാധാരണയായി മമ്മൂട്ടി ദേഷ്യക്കാരനാണെന്നാണ് ആളുകൾ പറയാറ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സംസാരിക്കാനും ഫോട്ടോയെടുക്കാനും ഫദലിന് ആദ്യം ഭയമുണ്ടായിരുന്നു. എന്നാൽ, ഇങ്ങനെയൊരു അവസരം ഇനി കിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അദ്ദേഹം ധൈര്യപൂർവ്വം മുന്നോട്ട് നീങ്ങി. ഫോട്ടോ എടുക്കാൻ അനുവാദം ലഭിക്കുമോ എന്ന കാര്യത്തിൽ ഫദലിന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.

വർഷങ്ങൾക്ക് മുൻപ് നരസിംഹം സിനിമയുടെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയെയും മോഹൻലാലിനെയും ഫദൽ കണ്ടിട്ടുണ്ട്. അന്ന് ക്യാമറയോ ഫോണോ ഇല്ലാത്തതുകൊണ്ട് അവരുടെ ഓട്ടോഗ്രാഫ് വാങ്ങിയാണ് ഫദൽ മടങ്ങിയത്. ഓട്ടോഗ്രാഫ് വാങ്ങാൻ ചെന്നപ്പോൾ കലാഭവൻ മണി “ദാ പിരിവുകാർ വരുന്നു” എന്ന് കളിയാക്കിയത് ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്.

ഒരു നടൻ എന്നതിലുപരി മമ്മൂട്ടി എന്ന വ്യക്തിയോടുള്ള ഇഷ്ടം ഫദലിന് ചെറുപ്പം മുതൽ തന്നെയുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് ഫദലിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അന്ന് ഫദൽ വിമാനത്താവളത്തിൽ എത്താൻ വൈകിയിരുന്നു. സാധാരണയായി തിരക്ക് ഒഴിവാക്കാൻ താരങ്ങൾ വിമാനത്താവളത്തിൽ വൈകിയെത്തി വേഗത്തിൽ വിമാനത്തിലേക്ക് കയറാറാണ് പതിവ്. എന്നാൽ ഫദൽ വൈകിയെത്തിയത് ഒരു അനുഗ്രഹമായി മാറി. അതേസമയത്താണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ മാനേജർ ജോർജ്ജും അവിടെയെത്തിയത്.

അതുവരെ ദൂരത്തുനിന്ന് മമ്മൂട്ടിയെ നോക്കിനിൽക്കുകയായിരുന്ന ഫദൽ ഒരു ഫോട്ടോ എടുക്കാൻ ഉറച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു. മിക്ക ആളുകൾക്കും അദ്ദേഹത്തോട് അടുത്ത് പോകാനും ഫോട്ടോയെടുക്കാനും ആഗ്രഹമുണ്ടായിരിക്കാമെങ്കിലും, ദേഷ്യക്കാരനായ മമ്മൂട്ടിയെക്കുറിച്ചുള്ള കഥകൾ കേട്ട് ആരും ധൈര്യപ്പെട്ടില്ല. വല്ല്യേട്ടൻ സിനിമ നാല് തവണ തിയറ്ററിൽ നിന്നും നാൽപത് തവണ കൈരളിയിൽ നിന്നും കണ്ട കഥയും എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ടെന്നും പറയാൻ ഫദൽ മനസ്സിലുറപ്പിച്ചു. എന്നാൽ അടുത്തെത്തിയപ്പോൾ “ഹായ് മമ്മൂക്കാ, ദുബായിലേക്കാണോ?” എന്ന ചോദ്യം മാത്രമാണ് അദ്ദേഹത്തിന്റെ വായിൽ നിന്ന് വന്നത്. അതിന് മമ്മൂട്ടി “അതെ” എന്ന് മാത്രം മറുപടി നൽകി.

പിന്നീട് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് “മമ്മൂക്കാ ഒരു ഫോട്ടോ” എന്ന് ചോദിച്ചു. കയ്യും കാലും വിറച്ച് സെൽഫിയെടുക്കാൻ ഫദൽ വിഷമിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, മമ്മൂട്ടി ഫോൺ വാങ്ങി മാനേജർ ജോർജിന് നൽകി “ജോർജ്ജേ, ഞങ്ങടെ ഒരു നല്ല ഫോട്ടോ എടുക്ക്” എന്ന് പറഞ്ഞു. ആ ഫോട്ടോ ഫദലിന് ജന്മസാഫല്യം തന്നെയാണ്. ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഒരാൾ ‘ജന്മസാഫല്യം’ എന്ന് കമന്റ് ചെയ്തതായി ഫദൽ പറയുന്നു.

ഈ പിറന്നാൾ ദിനം മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന ഒന്നാണ്. അദ്ദേഹത്തിന് അസുഖമാണെന്ന് ആദ്യം കേട്ടപ്പോൾ അത് വിശ്വസിച്ചില്ലെന്നും, മോഹൻലാൽ വഴിപാട് കഴിപ്പിച്ചുവെന്ന വാർത്ത കേട്ടപ്പോഴാണ് ആ വാർത്തയുടെ ഗൗരവം മനസ്സിലാക്കിയതെന്നും ഫദൽ പറയുന്നു. സിനിമയിലൂടെ മമ്മൂട്ടി മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണെന്നും, അദ്ദേഹം ഇനിയും ഒരുപാട് കാലം സിനിമയിൽ സജീവമായി ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഫദൽ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

∙ ഫദൽ കെ പടിഞ്ഞാക്കരയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം

“ജോർജ്ജേ,
ഞങ്ങടെ ഒരു ഫോട്ടോ എടുക്ക് “
എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിൽ നിന്നും ദുബായിലേയ്ക്കുള്ള യാത്രയ്ക്കായി എയർപോർട്ടിലെ ചെക്ക് ഇൻ കൗണ്ടറിലൊന്നിലെ ക്യൂവിൽ നിൽക്കുകയായിരുന്നു ഞാൻ. ചുമ്മാ കണ്ണോടിയ്ക്കുന്നതിനിടയിൽ, ഇച്ചിരി ദൂരെ മാറിയുള്ള ലൈനിലേയ്ക്ക് നടന്ന് വരുന്ന ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി. ഞാൻ മാത്രമല്ല അവിടെയുള്ള എല്ലാവരും.

” പടച്ചോനേ.. മമ്മൂക്കാ ” ന്ന്‌, ഞാൻ പോലുമറിയാതെ വായീന്ന് വന്ന് പോയി. പിന്നീട്, ഞാനടക്കം എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് മാത്രമായി. ഒത്തിരി നാളായി ആഗ്രഹിയ്ക്കുന്നതാ, മമ്മൂക്കാടെ കൂടെ ഒരു ഫോട്ടോ. ഇതിന് മുൻപ് ഇങ്ങനെ അടുത്ത് നിന്ന് കണ്ടത്, എന്റെയൊക്കെ കുഞ്ഞുനാളിൽ നരസിംഹം ഷൂട്ടിംഗിന് ഇടയ്ക്കായിരുന്നു. എന്റെ നാടായ ചെറുതുരുത്തിയിൽ വെച്ചായിരുന്നു ക്ലൈമാക്സ്‌ രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. അന്ന് മമ്മൂക്ക മാത്രമല്ല, ലാലേട്ടനടക്കമുള്ള ഒത്തിരി പേരെ കാണാൻ, സാധിച്ചിരുന്നു. അന്നൊക്കെ ഞങ്ങൾ ചെറുതുരുത്തിക്കാർ കാണാത്ത സിനിമാക്കാർ വിരളമായിരുന്നെന്ന്‌ തന്നെ പറയാം.

അന്ന് പക്ഷേ, ക്യാമറയോ ഫോണോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഒരു നോട്ട്ബുക്കും പേനയും കയ്യിൽ പിടിച്ച്, ഓട്ടോഗ്രാഫിനായി തെണ്ടലായിരുന്നു അന്നത്തെ പരിപാടികൾ. മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ മുന്നിൽ വെച്ച്, ” ദാ പിരിവുകാര് വരുന്നൂ ” ന്ന്‌ പറഞ്ഞ് കലാഭവൻ മണി കളിയാക്കിയാതൊക്കെ ഇന്നും മായാതെ മനസ്സിലുണ്ട്. ഒരു കാവിമുണ്ടുടുത്ത്, ഷർട്ടിടാത്ത രോമാവൃതമായ ശരീരത്തിൽ രുദ്രാക്ഷമാലയൊക്കെ അണിഞ്ഞ് മ്മടെ നന്ദഗോപാൽ മാരാരുടെ ഒരു ഇരിപ്പുണ്ടായിരുന്നു. അതൊക്കെ സിനിമയിലല്ലാതെ നേരിട്ട് കാണാൻ സാധിച്ച ബാല്യം. ഓർക്കുമ്പോൾ, ഇന്നും രോമാഞ്ചത്തിന് യാതൊരു കുറവുമില്ലെന്നത് യാഥാർഥ്യം.

ആ ഓർമ്മകളെല്ലാം, മനസ്സിൽ മിന്നിമാഞ്ഞ നിമിഷങ്ങൾ. ചെക്ക് ഇൻ കൗണ്ടറിൽ നിൽക്കുന്ന മമ്മൂക്കാടെ മേലാണ് മിക്കവരുടെയും നോട്ടമെങ്കിലും, ആരും അടുക്കുന്നില്ല. വലിയ ദേഷ്യക്കാരനും ജാഡക്കാരനുമൊക്കെയല്ലേ. പേടിച്ചിട്ടാകും. അല്ലെങ്കിൽ, നാണം കെടേണ്ടെന്ന് കരുതിയാകും. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. ഇനി ഇങ്ങനെ ഒരവസരം കിട്ടിയെന്ന് വരില്ല. ഞാനെന്തായാലും രണ്ടും കൽപ്പിച്ച് അടുത്തേയ്ക്ക് ചെന്നു.

എല്ലാവരുടെയും നോട്ടം, മമ്മൂക്കാക്കൊപ്പം എന്റെ മേലും കൂടിയായി. അതെന്നിൽ പേടിയ്ക്കൊത്ത വിറയലും കൂടി സമ്മാനിച്ചു. ” വല്യേട്ടൻ ” സിനിമ തീയേറ്ററീന്ന് നാല് തവണയും, കൈരളീന്ന് നാല്പത് തവണയും കണ്ട കഥയും, എമിറേറ്റ്സിലാണ് ഞാൻ ജോലി ചെയ്യുന്നതെന്നുമൊക്കെ പറയണമെന്ന് പദ്ധതിയിട്ട് പോയ ഞാൻ,

” ഹായ് മമ്മൂക്കാ, ദുബായ്ലേക്കാണോ?? ” എന്ന ഒറ്റ ചോദ്യത്തിൽ, മാത്രമായൊതുക്കി.
“ദുബായ്ലോട്ടല്ലാതെ, കൂത്താട്ടുകുളത്തിന് പോകാൻ ഇവിടെ വന്ന് നിൽക്കുമോ?? ” എന്നൊരു മറു ചോദ്യമൊക്കെ സ്വാഭാവികമായും, ഞാൻ പ്രതീക്ഷിച്ചിരുന്നൂട്ടോ. ” അതേ. ” എന്ന ഒറ്റവാക്കിൽ മമ്മൂക്കാടെ മറുപടി.

ഒട്ടും താമസിപ്പിച്ചില്ല. പോക്കറ്റിൽ നിന്നും ഫോണെടുത്ത്, ” മമ്മൂക്കാ ഒരു ഫോട്ടോ ” ന്ന്‌ പറഞ്ഞ് ഞാൻ, സെൽഫിയ്ക്കുള്ള ഒരുക്കമായി. കൈ വിറച്ച് വിറച്ച് എടുക്കാൻ പോകുന്ന സെൽഫിയെക്കുറിച്ചോർത്ത് ബേജാറായി നിൽക്കുമ്പോൾ, ഒട്ടും പ്രതീക്ഷിയ്ക്കാതെ മമ്മൂക്ക ഫോൺ എന്റെ കയ്യിൽ നിന്ന് മേടിച്ച് മാനേജർ ജോർജ്ജിന്റെ കയ്യിൽ കൊടുത്ത് ഫോട്ടോ എടുക്കാൻ പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.

അതിലേറെ, ഞാൻ കേട്ടറിഞ്ഞ മമ്മൂട്ടിയെന്ന ” ജാഡക്കാരൻ ” എന്റെ മനസ്സിൽ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞ നിമിഷവും കൂടി ആയിരുന്നത്. ഒരു നടനെന്ന നിലയിൽ ഇഷ്ടമായിരുന്നുവെങ്കിലും, രാഷ്ട്രീയ കാഴ്‌ചപ്പാടുകളിലത്ര യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ കൂടുതലറിഞ്ഞപ്പോൾ, നടനെക്കാളുപരി Mammootty എന്ന മനുഷ്യനോട് ഞാൻ ഒരുപാടങ്ങ് അടുത്ത് പോയി.

” മമ്മൂട്ടിക്കൊക്കെ എന്തേലും പറ്റിയാൽ, എന്ത് ചെയ്യും ല്ലേ??? ” എന്തോ കാര്യമായ അസുഖമാണെന്ന വിവരം പങ്ക് വെച്ചപ്പോൾ, എന്റെ പ്രിയതമയുടെ വാക്കുകൾ ഇതായിരുന്നു. പ്രിയതമയുടേത് മാത്രമല്ല. അസുഖമാണെന്ന ഊഹാപോഹങ്ങൾ കേട്ട് കൊണ്ടിരുന്ന കഴിഞ്ഞ കുറേ നാളുകളായി, നമ്മൾ മലയാളികളുടെയെല്ലാം, മനസ്സിൽ ഒരുപാട് തവണ വന്ന് പോയ ചോദ്യമായിരിയ്ക്കുമിത്.

അതേ. മമ്മൂക്കയും ലാലേട്ടനുമെല്ലാം, നമ്മൾ മലയാളികൾക്ക് കേവലം സിനിമാനടന്മാർ മാത്രമല്ല. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിലേറെ ഒരു വികാരമാണ്. ഇപ്പോഴുള്ളവരെക്കൊണ്ടും, ഇനി വരാനിരിയ്ക്കുന്നവരെക്കൊണ്ടുമൊന്നും കൂട്ട്യാക്കൂടുമെന്ന് തോന്നുന്നില്ല. രാജമാണിക്യം സിനിമയിലെ ” ഒരു വരവ് കൂടെ വരേണ്ടി വരും ” എന്ന ഡയലോഗ് പോലെ, ഇതാ വന്നൂ. നിങ്ങളിവിടുണ്ടാകണം, മമ്മൂക്കാ അഭ്രപാളിയിലൂടെ ഞങ്ങളെ ഇനിയും ഒരുപാടൊരുപാട് വിസ്മയിപ്പിയ്ക്കാൻ. അതിലുപരി, സഹജീവികൾക്ക് കാരുണ്യസ്പർശമേകാൻ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *