Posted By christymariya Posted On

മുൻ കാമുകിയുടെ കൊലപാതകം; അറബ്​ യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി

മുൻ കാമുകിയായ യൂറോപ്യൻ യുവതിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിൻറെ വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവെച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് കോടതി വിലയിരുത്തി.

2020 ജൂലൈ 16-നാണ് കൊലപാതകം നടന്നത്. 24 വയസ്സുള്ള യുവതി താമസിക്കുന്ന കെട്ടിടത്തിന് സമീപം പ്രതി കാത്തുനിന്നു. യുവതി അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗോവണിയിലേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനായി കത്തിയും മറ്റ് ഉപകരണങ്ങളും പ്രതി നേരത്തെതന്നെ തയ്യാറാക്കിയിരുന്നു.

സംഭവസ്ഥലത്ത് ഏഴാം നിലയിൽനിന്ന് ബഹളം കേട്ടതിനെ തുടർന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ അവിടെയെത്തി. ഗോവണിയിൽ രക്തം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടെത്തി. ഉടൻതന്നെ സുരക്ഷാ ജീവനക്കാരൻ അടിയന്തര സേവനങ്ങൾക്ക് വിവരം നൽകിയെങ്കിലും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ ദുബായ് പോലീസ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. കെട്ടിടത്തിൽനിന്ന് രക്ഷപ്പെട്ട ശേഷം സുഹൃത്തിന്റെ വീട്ടിൽ വസ്ത്രം മാറിയ പ്രതി, മറ്റൊരു എമിറേറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

2017 മുതൽ യുവതിയുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ, പിന്നീട് യുവതി മറ്റൊരാളുമായി സൗഹൃദത്തിലായത് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവാൻ കാരണമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ചാണ് അപ്പീൽ കോടതി വധശിക്ഷ വിധിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *