
യുഎഇയിൽ കെട്ടിടങ്ങൾ കൂടിയിട്ടും വാടക കുറയുന്നില്ല; സാമ്പത്തിക ബാധ്യത കുറയ്ക്കാൻ നഗരത്തിന് പുറത്തേക്ക് താമസം മാറ്റി പ്രവാസികൾ
ദുബായ്: നഗരത്തിൽ പാർപ്പിട കെട്ടിടങ്ങളുടെ എണ്ണം വർധിച്ചിട്ടും വാടക കാര്യമായി കുറയുന്നില്ലെന്ന് റിപ്പോർട്ട്. പലയിടങ്ങളിലും പ്രതിവർഷം അഞ്ച് മുതൽ 15 ശതമാനം വരെ വാടക വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ വാടകയ്ക്ക് ലഭ്യമായ ഫ്ലാറ്റുകൾ കൂടിയിട്ടുണ്ട്.
പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ പലരും നഗരഹൃദയങ്ങളിൽ നിന്ന് പുറത്തേക്കു മാറിത്താമസിക്കാൻ തുടങ്ങി. സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവ പരിഗണിച്ചാണ് ആളുകൾ പുതിയ താമസസ്ഥലം തിരഞ്ഞെടുക്കുന്നത്. നഗരവികസനത്തിൻ്റെ ഭാഗമായി ഈ സൗകര്യങ്ങളെല്ലാം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതും ഇതിന് കാരണമാകുന്നു.
കൂടുതൽ യാത്ര ചെയ്യേണ്ടി വന്നാലും കുറഞ്ഞ വാടകയുള്ള വീടുകൾ കണ്ടെത്താനാണ് പ്രവാസികൾ ശ്രമിക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. ദുബായ് സൗത്ത്, അബൂഹെയ്ൽ, ജുമൈറ, സിലിക്കൺ ഒയാസിസ്, ഇൻ്റർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ വാടകയ്ക്ക് ലഭ്യമായ കെട്ടിടങ്ങൾ കൂടിയിട്ടുണ്ട്. പുതിയ ദുബായ് മെട്രോ ബ്ലൂ ലൈൻ റൂട്ടിലുള്ള സ്ഥലങ്ങളാണ് ഇപ്പോൾ താമസത്തിനായി കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്.
ദെയ്റ, ദുബായ് സിലിക്കൺ ഒയാസിസ്, കരാമ, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിൽ വാടക വർധിച്ചു. കരാമയിൽ ഒരു കിടപ്പുമുറിയും ഹാളുമുള്ള ഫ്ലാറ്റിന് 65,000 മുതൽ 69,000 ദിർഹം വരെയാണ് വാടക. ദുബായിൽ ഏറ്റവും കൂടുതൽ വാടകയുള്ളത് ഡൗൺടൗൺ ദുബായ്, ജുമൈറ ബീച്ച് റെസിഡൻസ് മേഖലകളിലാണ്. ഇവിടെ ഒരു കിടപ്പുമുറിയുള്ള ഫ്ലാറ്റിന് പ്രതിവർഷം 1.25 ലക്ഷം ദിർഹം മുതൽ 2.29 ലക്ഷം ദിർഹം വരെയാണ് വാടക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)