രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇക്കാലയളവിൽ വിവിധ ഭാഗങ്ങളിലായി 85,500 പരിശോധനകൾ അധികൃതർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം 110 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. നികുതിയും പിഴകളുമായി ആറു മാസത്തിനിടെ 35.72കോടി ദിർഹം ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 86.29 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പ്രദേശിക വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയത്.
പിടിച്ചെടുത്തവയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പില്ലാത്തതും ടാക്സ് അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതുമായ 1.15കോടി പുകയില പാക്കറ്റുകളാണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്തതിൻറെ ഇരട്ടിയോളം വരുമിത്. 2019ൽ നടപ്പിലാക്കിയ അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ ഓരോ പാക്കിൻറെയും ഉൽപാദനം മുതൽ കയറ്റുമതിയും വിൽപനയും അടക്കമുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യാനാകും. ഇതുവഴി എക്സൈസ് ടാക്സ് അടച്ചുവെന്ന് ഉറപ്പാക്കാനും കള്ളക്കടത്തും വ്യാജ പതിപ്പുകളും തടയാനും സാധിക്കും.
പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 61 ലക്ഷം ബോട്ടിൽ പാനീയങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ പിടിച്ചെടുത്തതിനേക്കാൾ മൂന്നര ഇരട്ടിവരുമിത്. യു.എ.ഇയിലെ ടാക്സ് നിയമപ്രകാരം കാർബണേറ്റഡ് പാനീയങ്ങൾ, എനർജി പാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുന്നതിനായി നികുതി ചുമത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ മധുര പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനനുസരിച്ച് നിർണയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും നൂതനമായ ഡിജിറ്റൽ മോണിറ്ററിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിപണിയുടെ നിരീക്ഷണത്തിനും നിയമം നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നികുതി വിഭാഗം എക്സി. ഡയറക്ടർ സാറ അൽ ഹബ്ശി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t