യുഎഇയിൽ പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടുതൽ നീട്ടുന്നതിനെക്കുറിച്ച് റിപ്പോർട്ട്. ഷാർജ സർക്കാർ മേഖലയിൽ പ്രൊബേഷൻ കാലാവധി ഒമ്പത് മാസമായി നീട്ടിയതോടെയാണ് സ്വകാര്യ മേഖലയിലെ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടാൻ പാടില്ല. എന്നാൽ, ചില കമ്പനികൾ നിയമപരമായ പരിധികൾ ലംഘിക്കാതെ തന്നെ ജീവനക്കാരെ വിലയിരുത്താൻ പുതിയ വഴികൾ കണ്ടെത്തുന്നു.
ആറ് മാസത്തിനു ശേഷമുള്ള വിലയിരുത്തൽ
യുഎഇ തൊഴിൽ നിയമം (ഫെഡറൽ ഡിക്രി നിയമം നമ്പർ 33, 2021) അനുസരിച്ച്, പ്രൊബേഷൻ കാലയളവ് പരമാവധി ആറ് മാസമാണ്. ഇതിനപ്പുറം പോകുന്നത് നിയമവിരുദ്ധമാണ്. എങ്കിലും ചില കമ്പനികൾ ഔദ്യോഗിക പ്രൊബേഷൻ പൂർത്തിയായ ശേഷവും ജീവനക്കാരെ വിലയിരുത്താറുണ്ട്.
ഇതിനായി കമ്പനികൾ പിന്തുടരുന്ന ചില രീതികൾ താഴെ പറയുന്നവയാണ്:
വിപുലീകരിച്ച ഓൺബോർഡിംഗ്: സ്ഥിരമായ പരിശീലനം, പ്രകടന വിലയിരുത്തലുകൾ, അല്ലെങ്കിൽ കരിയർ ഡെവലപ്‌മെൻ്റ് പ്ലാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പോസ്റ്റ്-പ്രൊബേഷൻ റിവ്യൂ: പ്രൊബേഷൻ കഴിഞ്ഞ് 9 അല്ലെങ്കിൽ 12 മാസത്തിന് ശേഷം ജീവനക്കാരുടെ നേതൃത്വപാടവം, ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള കഴിവുകൾ എന്നിവ വിലയിരുത്താൻ റിവ്യൂ നടത്തുന്നു.
ഫിക്സഡ് ടേം കരാറുകൾ: ചില സങ്കീർണ്ണമായ തസ്തികകളിലേക്ക് ആറുമാസം മുതൽ ഒരു വർഷം വരെയുള്ള ഫിക്സഡ് ടേം കരാറുകൾ നൽകിയ ശേഷം മാത്രം സ്ഥിരമായ ജോലി വാഗ്ദാനം ചെയ്യുന്നു.
ഇതൊന്നും നിയമപരമായി പ്രൊബേഷൻ നീട്ടലുകളല്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ദീർഘകാലത്തേക്ക് മികച്ച നിയമന തീരുമാനങ്ങൾ എടുക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
ചില റോളുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
പ്രൊഡക്ട്, ഇന്നവേഷൻ, ലീഡർഷിപ്പ്, അല്ലെങ്കിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന റോളുകൾ എന്നിവയിൽ ജീവനക്കാരുടെ പ്രകടനം തുടക്കത്തിൽ തന്നെ അളക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള തസ്തികകളിലാണ് പലപ്പോഴും ഇത്തരം ദീർഘകാല വിലയിരുത്തലുകൾ നടക്കുന്നത്. ജോലിയെടുക്കാൻ കഴിവുണ്ടോ എന്നതിനേക്കാൾ എങ്ങനെ ചെയ്യുന്നു എന്നതിലാണ് കമ്പനികൾക്ക് താല്പര്യമെന്ന് വിദഗ്ധർ പറയുന്നു.
ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുന്നു?
ഈ പ്രവണതയെ എല്ലാവരും നല്ലൊരു മാറ്റമായി കാണുന്നില്ല. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്ത നീണ്ട വിലയിരുത്തലുകൾ ജീവനക്കാരിൽ മാനസിക സമ്മർദ്ദവും അസംതൃപ്തിയും ഉണ്ടാക്കിയേക്കാമെന്ന് എച്ച്ആർ കൺസൾട്ടൻ്റ് അനാം റിസ്വ പറയുന്നു. പ്രത്യേകിച്ചും യുവ പ്രൊഫഷണലുകൾ ജോലിയിലെ വ്യക്തതയും തുറന്ന ആശയവിനിമയവുമാണ് പ്രതീക്ഷിക്കുന്നത്. ഒരു ജീവനക്കാരനെ വിലയിരുത്താൻ കൂടുതൽ സമയം വേണ്ടിവന്നാൽ, അതിൻ്റെ കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t