അബുദാബിയിലെ ടോൾ സംവിധാനമായ ‘ദർബ്’ (Darb) പേരിൽ താമസക്കാർക്ക് വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നു. നിശ്ചിത തുക അടച്ചില്ലെങ്കിൽ വലിയ പിഴയും ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ‘Darb-Alert’ എന്ന പേരിലാണ് ഇത്തരം സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നത്. 4 ദിർഹം കുടിശ്ശിക ഉണ്ടെന്നും, ജനുവരി 20-നകം പണമടച്ചില്ലെങ്കിൽ 100 ദിർഹം പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നുമാണ് സന്ദേശങ്ങളിലെ അവകാശവാദം. പണമടയ്ക്കുന്നതിനായി സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. യുഎഇയ്ക്ക് പുറത്തുള്ള മൊബൈൽ നമ്പറുകളിൽ നിന്നാണ് ഭൂരിഭാഗം വ്യാജ സന്ദേശങ്ങളും വരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദർബ് ടോൾ സംവിധാനം നിയന്ത്രിക്കുന്ന ‘ക്യു മൊബിലിറ്റി’ (Q Mobility) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നിർദേശങ്ങളും നൽകി.
ടോൾ ഫീസ് അടയ്ക്കുന്നതിനായി ദർബ് ആപ്പ് (DARB App) അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് (darb.qmobility.ae) മാത്രമേ ഉപയോഗിക്കാവൂ. ഔദ്യോഗിക അതോറിറ്റികളിൽ നിന്നുള്ള സന്ദേശങ്ങൾ സാധാരണ മൊബൈൽ നമ്പറുകളിൽ നിന്നല്ല എത്തുക; കൃത്യമായ സെൻഡർ ഐഡിയോടുകൂടിയായിരിക്കും സന്ദേശങ്ങൾ ലഭിക്കുക. പണമടയ്ക്കുന്നതിന് മുമ്പ് ദർബ് ആപ്പിൽ ലോഗിൻ ചെയ്ത് അക്കൗണ്ടിൽ യഥാർത്ഥത്തിൽ കുടിശ്ശിക ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ‘താം’ (TAMM) ആപ്പ് വഴിയും ദർബ്, മവാഖിഫ് ഫീസുകൾ അടയ്ക്കാനാകും. അനധികൃത ആപ്പുകളിലൂടെയോ അപരിചിത ലിങ്കുകളിലൂടെയോ പണമടയ്ക്കരുതെന്നും, വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ
ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.
ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ
ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply