മരുഭൂമിയും കടൽതീരവും താണ്ടി യുഎഇയുടെ റെയിൽ സ്വപ്നം; ഇത്തിഹാദ് റെയിലിന്റെ 11 സ്റ്റേഷനുകളുടെ പൂർണ്ണരൂപം പുറത്ത്‌

ദുബായ്: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ ഈ വർഷം പാസഞ്ചർ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി ട്രെയിൻ സ്റ്റേഷനുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടു. 11 പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന പാത, രാജ്യത്തെ വിവിധ എമിറേറ്റുകളെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിയോട് ചേർന്നുള്ള അൽ സില മുതൽ ഫുജൈറയിലെ സക്കംകം വരെ നീളുന്നതാണ് ഈ യാത്രാപഥം.

ഇത്തിഹാദ് റെയിൽ ശൃംഖലയിലെ 11 സ്റ്റേഷനുകൾ ഇവയാണ്:

1. അൽ സില: സൗദി അതിർത്തിയോട് ചേർന്നുള്ള അബുദാബിയിലെ മനോഹരമായ തീരദേശ നഗരം. 2. അൽ ധന്ന: പഴയ റുവൈസ്. ഇന്ന് തന്ത്രപ്രധാനമായ വ്യവസായ കേന്ദ്രമായും താമസമേഖലയായും മാറിയ നഗരം. 3. അൽ മിർഫ: ജലകായിക വിനോദങ്ങൾക്കും ബീച്ചിനും പേരുകേട്ട മനോഹരമായ പ്രദേശം. 4. മദീനത്ത് സായിദ്: അബുദാബിയിലെ പ്രശസ്തമായ ഒട്ടക സൗന്ദര്യ മത്സരങ്ങളും (Al Dhafra Festival) പാരമ്പര്യ വിപണികളും നടക്കുന്ന ഇടം. 5. മെസൈറ: ലിവ മരുപ്പച്ചയ്ക്ക് സമീപമുള്ള സാംസ്കാരിക പ്രാധാന്യമുള്ള നഗരം. 6. അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് അബുദാബിയിലെ സ്റ്റേഷൻ വരുന്നത്. മുസഫയ്ക്ക് അടുത്തുള്ള ഈ സ്റ്റേഷൻ യാത്രികർക്ക് വലിയ ഗുണകരമാകും. 7. അൽ ഫയ: അബുദാബിക്കും ദുബായിക്കും ഇടയിലുള്ള തന്ത്രപ്രധാനമായ ചരക്ക്-യാത്രാ നീക്കങ്ങളുടെ കേന്ദ്രം. 8. ദുബായ്: ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലാണ് ദുബായിലെ ഏക സ്റ്റേഷൻ. ഇത് ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുമെന്നതിനാൽ നഗരത്തിലെ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും. 9. യൂണിവേഴ്സിറ്റി സിറ്റി, ഷാർജ: ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഷാർജയിലെ സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. 10. അൽ ദൈദ്: കൃഷിക്കും ഒട്ടക പന്തയത്തിനും പേരുകേട്ട ഷാർജയിലെ പച്ചപ്പുള്ള മരുപ്പച്ച നഗരം. 11. സക്കംകം, ഫുജൈറ: റെയിൽ ശൃംഖലയുടെ അവസാന സ്റ്റേഷൻ. പുരാതന കോട്ടകളും ചരിത്രപ്രാധാന്യമുള്ളതുമായ മനോഹരമായ പ്രദേശം.

യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്കും ഗതാഗത സംവിധാനത്തിനും വിപ്ലവകരമായ മാറ്റമായിരിക്കും ഇത്തിഹാദ് റെയിൽ കൊണ്ടുവരിക. മരുഭൂമികൾ, പർവ്വതങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലൂടെയുള്ള ഈ യാത്ര യുഎഇയുടെ കാഴ്ചകൾ പുതിയൊരു തലത്തിൽ ആസ്വദിക്കാൻ യാത്രക്കാരെ സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.

തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ

സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത

യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.

യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *