ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് വീണ്ടും സ്വപ്ന സമ്മാനം. അജ്മാനിൽ താമസിക്കുന്ന സുഭാഷ് മഠം എന്ന 48-കാരനാണ് 10 ലക്ഷം യുഎസ് ഡോളർ, അതായത് എട്ട് കോടിയിലധികം ഇന്ത്യൻ രൂപ, സമ്മാനമായി നേടിയത്.
രണ്ട് വർഷമായി തുടർച്ചയായി ഈ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്ന സുഭാഷ്, സെപ്റ്റംബർ 12-ന് ഓൺലൈനായി വാങ്ങിയ 2550 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഈ ഭാഗ്യം കൊണ്ടുവന്നത്. ബുധനാഴ്ച ദുബൈയിൽ നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 14 വർഷമായി അജ്മാനിലെ സനയ്യ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനാണ് സുഭാഷ്. ഈ അവിസ്മരണീയ നിമിഷത്തിൽ ദുബൈ ഡ്യൂട്ടി ഫ്രീക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സുഭാഷ് മഠം, ഡിഡിഎഫ് മില്ലേനിയം മില്യണയർ പ്രൊമോഷനിലെ 260-ാമത്തെ ഇന്ത്യൻ വിജയിയാണ്.
പ്രധാന സമ്മാനത്തിന് പുറമെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ ‘ഫൈനസ്റ്റ് സർപ്രൈസ്’ ഡ്രോയിൽ ഒരു ഫ്രഞ്ച് സ്വദേശിയും ദുബൈയിൽ താമസിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനും ആഢംബര വാഹനങ്ങൾ സ്വന്തമാക്കി.
ഇവ കൂടാതെ, ദുബൈയിൽ താമസിക്കുന്ന മറ്റൊരു മലയാളിയായ കുഞ്ഞുമൊയ്തീൻ മടക്കൻ ഒരു ബിഎംഡബ്ല്യു എസ് 1000 ആർ (BMW S 1000 R) ആഢംബര ബൈക്കും സമ്മാനമായി നേടി. കഴിഞ്ഞ ആറ് വർഷമായി മുടങ്ങാതെ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന കുഞ്ഞുമൊയ്തീന്, സെപ്റ്റംബർ 18-ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് ഈ നേട്ടം സമ്മാനിച്ചത്.
അനധികൃത ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്ക്: താമസസ്ഥലത്ത് ശസ്ത്രക്രിയ; യുഎഇയിൽ യുവാവ് അറസ്റ്റിൽ
ദുബായ് ∙ ലൈസൻസില്ലാതെ ചികിത്സ നടത്തിയതിന് ദുബായിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം താമസസ്ഥലത്തെ അപ്പാർട്ട്‌മെന്റിൽ ഇയാൾ മുടി മാറ്റിവെക്കൽ (ഹെയർ ട്രാൻസ്‌പ്ലാന്റ്) ശസ്ത്രക്രിയകൾ നടത്തിവരികയായിരുന്നു.
ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാതെയുള്ള ഈ പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും യുഎഇ നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ്. ഇയാൾ തന്റെ നിയമവിരുദ്ധ സേവനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കളെ ആകർഷിക്കാൻ ശസ്ത്രക്രിയകളുടെ വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പോലീസ് നടത്തിയ റെയ്ഡിൽ, ഹെയർ ട്രാൻസ്‌പ്ലാന്റ് നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും കണ്ടെത്തി. കൂടാതെ, അനസ്തീസിയയും അണുനാശിനികളും പോലുള്ള വിവിധ രാസവസ്തുക്കളും ലായനികളും പിടിച്ചെടുത്തു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അപ്പാർട്ട്‌മെൻ്റ് അടച്ചുപൂട്ടുകയും എല്ലാ മെഡിക്കൽ ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.
പ്രതി താമസിച്ചിരുന്ന മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെൻ്റ് അനധികൃത ക്ലിനിക്കായി മാറ്റിയെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതിൽ ഒരു മുറി ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുകയും ബാക്കിയുള്ള രണ്ട് മുറികൾ താമസത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഈ താൽക്കാലിക ക്ലിനിക്ക് ആവശ്യമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ വിഭാഗവും ദുബായ് ആരോഗ്യ അതോറിറ്റിയും (DHA) ചേർന്നാണ് വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈസൻസുള്ള മെഡിക്കൽ ക്ലിനിക്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാത്രം സേവനം തേടാനും ആരോഗ്യ-സൗന്ദര്യ സംരക്ഷണ ദാതാക്കളുടെ യോഗ്യതയും പരിചയവും ഉറപ്പുവരുത്താനും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജീവൻ അപകടത്തിലാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകളിൽ വഞ്ചിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിൻ്റെ വിവിധ കമ്മ്യൂണിക്കേഷൻ ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യൽ നടക്കില്ല, നിയമങ്ങളിൽ വൻ മാറ്റങ്ങൾ: ; യാത്രയ്ക്ക് മുൻപ് അറിയേണ്ട 10 പുതിയ കാര്യങ്ങൾ
ദുബായ്/അബുദാബി ∙ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ സ്വപ്ന യാത്രയാണ് ഉംറ. എന്നാൽ വിസ അപേക്ഷ, ഹോട്ടൽ ക്രമീകരണം, യാത്രാ ബുക്കിംഗ് എന്നിവ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്കും കാലതാമസത്തിനും കാരണമാകാറുണ്ട്. ടൂർ ഓപ്പറേറ്റർമാരെ ആശ്രയിച്ചും ചിലർ ടൂറിസ്റ്റ് വിസകളിലുമാണ് പലരും തീർത്ഥാടനം പൂർത്തിയാക്കിയിരുന്നത്.
ഇപ്പോൾ, ഉംറ തീർത്ഥാടന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി സൗദി അറേബ്യ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. വിസ അപേക്ഷ മുതൽ താമസം, ഗതാഗതം എന്നിവ വരെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചുകൊണ്ട് യാത്ര സുതാര്യവും ചിട്ടയുള്ളതുമാക്കാൻ സൗദി ലക്ഷ്യമിടുന്നു. അതേസമയം, തീർഥാടകർക്ക് കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപ് ഓരോ തീർഥാടകനും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങൾ ഇതാ:
- വിസ അപേക്ഷിക്കുമ്പോൾ തന്നെ താമസം ബുക്ക് ചെയ്യണം
ഹോട്ടൽ ബുക്കിംഗ് ഇനി യാത്രയ്ക്ക് ശേഷം ചെയ്യാനാവില്ല. ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തീർഥാടകർ ഒന്നുകിൽ മസാർ (Masar) സിസ്റ്റം വഴി അംഗീകൃത ഹോട്ടൽ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ സൗദി അറേബ്യയിലെ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുകയോ വേണം. ഹോട്ടലും ഗതാഗതവും സൗദി സിസ്റ്റത്തിൽ പരസ്പരം ബന്ധിപ്പിച്ചതായി ട്രാവൽ ഏജൻ്റുമാർ പറയുന്നു. - ബന്ധുക്കൾക്കൊപ്പമുള്ള താമസത്തിന് സൗദി ഐഡി നിർബന്ധം
കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കാൻ ഉദ്ദേശിക്കുന്നവർ, ആതിഥേയൻ്റെ യൂണിഫൈഡ് സൗദി ഐഡി നമ്പർ വിസയുമായി ബന്ധിപ്പിക്കണം. യാത്രാപദ്ധതിയിൽ മാറ്റം വരുത്തുകയാണെങ്കിൽ, താമസസ്ഥലത്തിൻ്റെ തെളിവായി ഇതേ ഐഡി സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യണം. - ടൂറിസ്റ്റ് വിസയിൽ ഉംറ അനുവദിക്കില്ല
ടൂറിസ്റ്റ് വിസയിൽ ഇനി ഉംറ നിർവഹിക്കാൻ സാധിക്കില്ല. ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവരെ തടയാനും മദീനയിലെ റിയാളുൽ ജന്നയിൽ പ്രവേശനം നിഷേധിക്കാനും സാധ്യതയുണ്ടെന്ന് ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകുന്നു. - ഉംറ വിസ നിർബന്ധമാക്കി
എല്ലാ തീർഥാടകരും നൂസുക് (Nusuk) പ്ലാറ്റ്‌ഫോം വഴി ഇ-വിസയായോ അല്ലെങ്കിൽ അംഗീകൃത ഓപ്പറേറ്റർമാർ വഴി പാക്കേജാക്കിയോ പ്രത്യേക ഉംറ വിസയ്ക്ക് അപേക്ഷിക്കണം. ഉംറ വിസ മാത്രമാണ് നിയമപരമായ ഏക മാർഗ്ഗമെന്ന് സൗദി സിസ്റ്റം വ്യക്തമാക്കുന്നു. - യാത്രാപദ്ധതിയിൽ കർശന നിബന്ധനകൾ
വിസയ്ക്ക് അപേക്ഷിക്കുമ്പോൾ യാത്രയുടെ പൂർണ്ണമായ ഇതിനറി (Itinerary) അപ്‌ലോഡ് ചെയ്യണം, അതിൽ മാറ്റം വരുത്താനോ നീട്ടിവെക്കാനോ സാധിക്കില്ല. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് പിഴയ്ക്ക് കാരണമാകും. - ചില രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ
ബ്രിട്ടൻ, യുഎസ്, കാനഡ അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള വിസകളോ അവിടത്തെ താമസരേഖകളോ ഉള്ള യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. എന്നാൽ ഈ രാജ്യങ്ങൾ മുമ്പ് ഒരു തവണയെങ്കിലും സന്ദർശിച്ചിരിക്കണം. ഈ വിസയുടെ കാലാവധി ഒരു വർഷമാണ്. - ബുക്കിംഗുകൾ എയർപോർട്ടിൽ പരിശോധിക്കും
തീർഥാടകർ സൗദിയിൽ എത്തിയാൽ, താമസ, യാത്രാ ബുക്കിംഗുകൾ നൂസുക് അല്ലെങ്കിൽ മസാർ സിസ്റ്റത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കും. ബുക്കിംഗുകൾ ഇല്ലെങ്കിൽ പിഴ ചുമത്തുകയോ തുടർ യാത്ര നിഷേധിക്കുകയോ ചെയ്യാം. - അംഗീകൃത ടാക്സികളും ഗതാഗത സംവിധാനങ്ങളും മാത്രം
തീർഥാടകർ നൂസുക് ആപ്പ് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്തതോ ആയ രജിസ്റ്റർ ചെയ്ത ടാക്സികളോ ട്രെയിനുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിമാനത്താവളത്തിൽ നിന്ന് തോന്നുന്ന കാറുകൾ എടുക്കാൻ കഴിയില്ല. - ട്രെയിൻ സമയക്രമം പാലിക്കണം
ഹറമൈൻ എക്സ്പ്രസ് ട്രെയിനാണ് പ്രധാന യാത്രാമാർഗ്ഗം. എന്നാൽ ഇത് രാത്രി 9 മണി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അവസാന ട്രെയിനിന് ശേഷം ആണ് നിങ്ങൾ എത്തിച്ചേരുന്നതെങ്കിൽ, അംഗീകൃത ബദൽ ഗതാഗത മാർഗ്ഗം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. - നിയമലംഘനങ്ങൾക്ക് കനത്ത പിഴ
നിയമങ്ങൾ ലംഘിക്കുന്ന തീർഥാടകർക്കും ഏജൻ്റുമാർക്കും അധികൃതർ കനത്ത പിഴ ചുമത്തും. അംഗീകാരമില്ലാത്ത ടാക്സികൾ ഉപയോഗിക്കുന്നത് മുതൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതുൾപ്പെടെയുള്ള ഏത് നിയമലംഘനത്തിനും 750 ദിർഹം (ഏകദേശം 16,900 രൂപ) മുതൽ പിഴ ഈടാക്കും. തീർഥാടകർ നിയമങ്ങൾ കർശനമായി പാലിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ശരീരത്തിൽ 45 മുറിവുകൾ, ക്രൂര കൊലപാതകം: യുഎഇയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ദുബായ്/ബെംഗളൂരു ∙ ദുബായിൽനിന്ന് നാട്ടിലെത്തിയ കെട്ടിട നിർമാണ തൊഴിലാളി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 28ന് വൈകുന്നേരം ബെംഗളൂരു ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്‌മെന്റിലാണ് നാടിനെ നടുക്കിയ സംഭവം.
തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെയാണ് (32) സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് കല്ലക്കുറിച്ചി സ്വദേശിനിയായ ഭാര്യ മഞ്ജുവിനെയാണ് (26) മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു മഞ്ജു.
ശരീരത്തിൽ 45-ഓളം കുത്തേറ്റ മുറിവുകൾ മഞ്ജുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കൂടാതെ, കഴുത്തറുത്ത നിലയിലുമായിരുന്നു.
നിർമാണത്തൊഴിലാളിയായി ദുബായിൽ ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി ബെംഗളൂരുവിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. 2022-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ല.
ദുബായിൽനിന്ന് തിരിച്ചെത്തിയ രമേഷ് രണ്ടാഴ്ചയോളം തമിഴ്നാട്ടിൽ മഞ്ജുവിനൊപ്പം താമസിച്ച ശേഷം ബെംഗളൂരുവിലേക്ക് വരികയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവിന്റെ പിതാവാണ് സംഭവം ആദ്യം കണ്ടത്. അകത്തുനിന്ന് പൂട്ടിയ മുറിയിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതും തൊട്ടടുത്ത് രമേഷ് തൂങ്ങിമരിച്ച നിലയിലുമാണ് അദ്ദേഹം കണ്ടത്.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
എയർപോട്ടിലെ നടപടിക്രമങ്ങൾ ഇനി ഈസിയാകും!; ഇന്ത്യയിൽ ഇ-അറൈവൽ കാർഡ് നിർബന്ധം
വിദേശ പൗരന്മാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ ഇ-അറൈവൽ കാർഡ് സംവിധാനം നിലവിൽ വന്നു. പരമ്പരാഗത പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരമായി ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സജീവമായി. യാത്രക്കാർക്ക് വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം.
പുതിയ നിയമം ഇങ്ങനെ:
നിർബന്ധം: ഇന്ത്യൻ പൗരന്മാരല്ലാത്ത, വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ഇ-അറൈവൽ കാർഡ് നിർബന്ധമാണ്. ഇന്ത്യൻ പൗരന്മാർക്കും ഒസിഐ (OCI) കാർഡ് ഉടമകൾക്കും ഇത് ബാധകമല്ല.
സമയപരിധി: വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂറിന് മുമ്പുള്ള സമയത്തിനുള്ളിൽ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റിൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം.
ചാർജ്: ഇ-അറൈവൽ കാർഡ് സമർപ്പിക്കുന്നതിന് ഫീസ് ഇല്ല.
സമയനഷ്ടം: മുൻകൂട്ടി കാർഡ് പൂരിപ്പിക്കാത്ത യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുമ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസിനായി കൂടുതൽ സമയം ക്യൂവിൽ കാത്തുനിൽക്കേണ്ടിവരും.
പൂരിപ്പിക്കേണ്ട വിവരങ്ങൾ ലളിതം:
പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ഓൺലൈൻ ഫോമിൽ നൽകേണ്ടത്. ഡോക്യുമെന്റുകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
സമയം ലാഭിക്കാം:
പല രാജ്യങ്ങളിലെയും ട്രാവൽ ഏജൻസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. പ്രതിദിനം ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം യാത്രക്കാർക്ക് ഇത് സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ട്രാവൽ ഏജൻ്റുമാർ അഭിപ്രായപ്പെട്ടു. ബിസിനസ്, ടൂറിസം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഓൺലൈൻ സംവിധാനം ഏറെ പ്രയോജനകരമാകും. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
പരിഷ്‌കരണത്തിന്റെ ലക്ഷ്യം:
തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കി നടപടികൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇ-അറൈവൽ കാർഡ് സംവിധാനം കൊണ്ടുവന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply