അജ്മാനിൽ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് ഗുരുതരമായ രക്താർബുദം ബാധിച്ച പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അംജദ് റഹ്മാനാണ്, അപൂർവമായ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാൻ തയ്യാറായത്. ലോകത്ത് പത്തു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സാധ്യമാവുന്ന ഒന്നാണിത്.
10 വർഷം മുമ്പ് മുക്കത്തെ എം.എ.എം.ഒ കോളജിൽ നടന്ന ഒരു സ്റ്റെം സെൽ ക്യാമ്പിൽ അംജദ് നൽകിയ സാമ്പിളാണ് ഇപ്പോൾ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തുണയായത്. അന്ന് അതൊരു സാധാരണ പരിശോധന മാത്രമായിരുന്നെങ്കിലും ഒരു ദിവസം ആരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ അംജദിനുണ്ടായിരുന്നു.
ലൂക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങൾ അല്ലെങ്കിൽ അസ്ഥി മജ്ജ (ബോൺ മാരോ) ശരിയായി പ്രവർത്തിക്കാത്ത രോഗങ്ങൾ ബാധിച്ചവർക്കാണ് സ്റ്റെം സെൽ ദാനം ചെയ്യുന്നത്. അത്തരമൊരു അപൂർവ രോഗം ബാധിച്ച കുട്ടിക്കായി കേരളം മുഴുവൻ നടത്തിയ പരിശോധനയിലാണ് അംജദിന്റെ സാമ്പിളുമായി മാച്ച് കണ്ടെത്തിയത്.
കുട്ടിയുടെ കുടുംബം പ്രതീക്ഷയോടെ അംജദിനെ വിളിച്ചപ്പോൾ, ഇതൊരു ദൈവനിയോഗമായി കണ്ട് അദ്ദേഹം ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി. “പടച്ചവൻ തന്ന അവസരമാണിത്, അതുകൊണ്ട് ഏറ്റെടുക്കുന്നു,” എന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് അംജദ് പറഞ്ഞു.
ജൂലൈയിൽ നാട്ടിലെത്തി പരിശോധനകൾ പൂർത്തിയാക്കി, രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റെം സെൽ ദാനം ചെയ്യാനായി ആശുപത്രിയിൽ പ്രവേശിക്കും. ഈ മഹത്തായ ദൗത്യത്തിന് അംജദിന്റെ തൊഴിലുടമയായ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഉടമ സി.ടി. ഷംസു സമാൻ അവശ്യമായ അവധികളും മറ്റ് സഹായങ്ങളും നൽകി പിന്തുണച്ചു.
സഹായം ചോദിച്ച് ആരെങ്കിലും വന്നാൽ ‘ഇല്ല’ എന്ന് പറയാൻ അംജദിന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ജീവൻ നിലനിർത്താൻ പാടുപെടുന്ന ഒരു കുരുന്നിന് മുന്നിൽ ഒരു കൈത്താങ്ങായി എത്തിയ അംജദിന്റെ ഈ പ്രവർത്തി മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply