അബുദാബി: സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, യു.എ.ഇ.യിലെ 70 ശതമാനം സ്മാർട്ട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി. ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഇതിന് പ്രധാന കാരണം.
വോയിസ് അസിസ്റ്റന്റുകൾ, നിരീക്ഷണ ക്യാമറകൾ, സ്മാർട്ട് ലൈറ്റിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ തുടങ്ങിയ ഗാർഹിക ഉപകരണങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ കഴിയുന്ന ലക്ഷ്യങ്ങളാണ്. ഉപയോക്താക്കൾക്ക് സുരക്ഷാ അവബോധം കുറവായതും ഉപകരണങ്ങളുടെ ഡിഫോൾട്ട് സെറ്റിംഗുകളെ ആശ്രയിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
പ്രധാന അപകടങ്ങൾ
വോയിസ് അസിസ്റ്റന്റുകൾ സ്ഥിരമായി ഓൺ ആക്കി വെക്കുന്നത്.
സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നത്.
പ്രധാന വൈ-ഫൈ പാസ്‌വേർഡ് അതിഥികളുമായി പങ്കുവെക്കുന്നത്.
സുരക്ഷിതമല്ലാത്ത ബേബി മോണിറ്ററുകൾ ഉപയോഗിക്കുന്നത്. ഇവ ഹാക്ക് ചെയ്യപ്പെട്ടാൽ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും വീട്ടിലെ നീക്കങ്ങൾ നിരീക്ഷിക്കാനും കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സാധ്യതയുണ്ട്.
സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
സ്മാർട്ട് ഉപകരണങ്ങളുടെ സിസ്റ്റം എപ്പോഴും അപ്ഡേറ്റ് ചെയ്യുക.
എല്ലാ സ്മാർട്ട് സംവിധാനങ്ങളെയും ഒരൊറ്റ കേന്ദ്രീകൃത ഉപകരണത്തിലൂടെ നിയന്ത്രിക്കുക.
വോയിസ് അസിസ്റ്റന്റുകൾ ഉപയോഗിക്കാത്തപ്പോൾ ഓഫ് ചെയ്യുക.
ഉപകരണങ്ങളിലെ ഇൻ-ബിൽറ്റ് സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക.
സ്മാർട്ട് ഉപകരണങ്ങൾക്കായി പ്രധാന വൈ-ഫൈ നെറ്റ്‌വർക്കിൽ നിന്ന് വേറിട്ട ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കുക.
‘സൈബർ പൾസ്’ എന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് കൗൺസിൽ ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. സ്മാർട്ട് ഹോം ഉപകരണങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കാനും സൈബർ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ പഠിപ്പിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply