
വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ചത് കോടികളുടെ മയക്കുമരുന്ന്; യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള സംഘം പിടിയിൽ
drugs വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 89,760 കാപ്റ്റഗൺ ഗുളികകളുമായി മൂന്നംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ദുബായ് പോലീസിന്റെ പിടിയിലായി. 18.93 കിലോഗ്രാം ഭാരമുള്ള ഈ ഗുളികകൾക്ക് 4.4 ദശലക്ഷം ദിർഹം (ഏകദേശം 9.9 കോടി രൂപ) വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ‘ടോക്സിക് ബട്ടൺസ്’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ദുബായിലെ ഒരു അപ്പാർട്ട്മെന്റിലും സമീപ എമിറേറ്റിലെ മറ്റൊരു സ്ഥലത്തുമായാണ് ഈ മയക്കുമരുന്ന് ഗുളികകൾ സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള സംഘത്തലവന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് അയൽരാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ.
ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ നീക്കങ്ങൾക്കൊടുവിൽ രണ്ട് അറബ് പൗരന്മാരും ഒരു ഏഷ്യൻ പൗരനും ഉൾപ്പെടെയുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ചാണ് ദുബായ് പോലീസ് ഈ നിർണായക ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)