
പനി കിട്ടിയാൽ പണി പാളും! പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം; പ്രതിരോധ വാക്സീൻ സ്വീകരിക്കാൻ നിർദേശം
മഴക്കാലം വരുന്നതോടെ പകർച്ചപ്പനിക്കും സാധ്യതയേറുകയാണ്. പ്രത്യേകിച്ച്, സ്കൂളുകൾ തുറക്കുന്ന ഈ സമയത്ത് കുട്ടികൾക്കിടയിൽ രോഗം പെട്ടെന്ന് പടരാം. അതിനാൽ, പ്രതിരോധ വാക്സിനുകളെടുത്ത് ഫ്ലൂവിനെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഇൻഫ്ലുവൻസ അഥവാ ഫ്ലൂ സാധാരണയായി തണുപ്പുകാലത്താണ് കാണാറുള്ളതെങ്കിലും, കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ഈ സമയത്തും വരാം. ശക്തമായ പനി, ജലദോഷം, ചുമ, തുമ്മൽ, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. രോഗമുള്ള കുട്ടികളെ സ്കൂളിലോ നഴ്സറിയിലോ അയയ്ക്കാതിരിക്കുക. അടച്ചിട്ട ക്ലാസ് മുറികളിൽ രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.രക്ഷിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണം.
പനി വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫ്ലൂ വാക്സിൻ എടുക്കുക എന്നതാണ്. 6 മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാം. 9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആദ്യമായി വാക്സിൻ എടുക്കുമ്പോൾ ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് എടുക്കണം. 9 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വർഷത്തിൽ ഒരു ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഫ്ലൂ വാക്സിൻ ലഭ്യമാണ്. രോഗം വന്ന് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലത് പ്രതിരോധിക്കുന്നതാണ്. അതിനാൽ, ഫ്ലൂ വാക്സിൻ എടുത്ത് സ്വയം സുരക്ഷിതരാവുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)