
മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ്; ജാഗ്രത വേണമെന്ന് യുഎഇ ഇന്ത്യൻ കോൺസുലേറ്റ്
യു.എ.ഇയിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ഏജൻസികൾ അമിത തുക ഈടാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. അംഗീകൃത നിരക്കുകളേക്കാൾ കൂടുതൽ പണം കൈപ്പറ്റുന്ന ഏജന്റുമാരുടെ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾക്കായി പ്രവാസികളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺസുലേറ്റ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന് (ICWF) കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനകളുടെ പാനൽ വഴി കോൺസുലേറ്റ് മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകുന്നുണ്ട്.
ഇന്ത്യൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ച്, മരിച്ച വ്യക്തിക്ക് തൊഴിലുടമയോ സ്പോൺസറോ ഇല്ലാതിരിക്കുകയോ, അല്ലെങ്കിൽ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചിലവുകൾ വഹിക്കുന്ന ഇൻഷുറൻസ് പോളിസി ഇല്ലാതിരിക്കുകയോ ചെയ്താൽ ഈ സഹായം ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ മരിച്ചയാളുടെ കുടുംബം യാതൊരു ചിലവും വഹിക്കേണ്ടതില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. യു.എ.ഇ നിയമം അനുസരിച്ച്, ജീവനക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചിലവുകളും തൊഴിലുടമ വഹിക്കണം.
ഔദ്യോഗിക വിവരങ്ങൾക്കായി കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളും ലഭ്യമാണ്: +971507347676 (മൊബൈൽ/വാട്ട്‌സ്ആപ്പ്), 80046342 (ടോൾഫ്രീ).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)