വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകും മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്, 18-ാം വയസ്സിൽ കോടീശ്വരനായി ഒരു യുവ മലയാളി. 18 വയസ്സുകാരനായ വെയ്ൻ നാഷ് ഡിസൂസയാണ് ഒരു മില്യൺ യുഎസ് ഡോളർ സ്വന്തമാക്കിയത്. ഏകദേശം 8 കോടി 76 ലക്ഷം ഇന്ത്യൻ രൂപ വരുമിത്.
യുഎസിലെ സർവകലാശാലയിൽ എയറോസ്പേസ് എൻജിനീയറിങ് ഉന്നത പഠനത്തിനായി യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപാണ് വെയ്ൻ ടിക്കറ്റെടുത്തത്. ദുബായിൽ ജനിച്ചു വളർന്ന വെയ്ൻ ഹർലാൻഡ് ഇന്റർനാഷനൽ സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. അമേരിക്കയിലേക്ക് പോകുന്ന ദിവസം വിമാനത്താവളത്തിൽ വെച്ചാണ് ഇളയ സഹോദരി ഷോലെക്കൊപ്പമാണ് വെയ്ൻ ടിക്കറ്റെടുത്തത്.
മാർച്ചിലാണ് തനിക്ക് 18 വയസ്സ് തികഞ്ഞതെന്നും, ഭാഗ്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് തമാശയ്ക്ക് ടിക്കറ്റെടുത്തതെന്നും വെയ്ൻ പറയുന്നു. പിതാവിന്റെ അക്കൗണ്ട് വഴിയാണ് ടിക്കറ്റെടുത്തത്. 4463 എന്ന നമ്പരാണ് വെയ്‌നിന് ഭാഗ്യം കൊണ്ടുവന്നത്.
ഓഗസ്റ്റ് ആറിന് പുലർച്ചെ ഒരുമണിയോടെയാണ് വിജയിയായെന്നുള്ള ദുബായ് ഡ്യൂട്ടി ഫ്രീയുടെ കോൾ വെയ്‌നിനെ തേടിയെത്തിയത്. മുംബൈ സ്വദേശികളാണ് വെയ്‌നിന്റെ മാതാപിതാക്കൾ. ദുബായിൽ ലോഡിസ്റ്റിക് സ്ഥാപനം നടത്തുകയാണ് പിതാവ് റോയ്സ് ഡിസൂസ.
ഈ പണം സഹോദരി ഷോലെയുടെ സംഗീത പഠനത്തിനും ഭാവിക്കും സഹായകമാകുമെന്ന് വെയ്ൻ പറഞ്ഞു. എയറോസ്പേസ് എൻജിനീയറിങ് പഠനം തന്റെ ഏറെ നാളായുള്ള സ്വപ്നമാണെന്നും വെയ്ൻ കൂട്ടിച്ചേർത്തു. 1999ൽ ദുബായ് ഡ്യൂട്ടി ഫ്രീ തുടങ്ങിയത് മുതൽ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു മില്യൺ യുഎസ് ഡോളർ സമ്മാനത്തുക ലഭിക്കുന്ന 255-ാമത്തെ ഇന്ത്യക്കാരനാണ് വെയ്ൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t