പ്രവാസി മലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ വിസ് എയർ അബുദാബി തങ്ങളുടെ സർവീസുകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനം, അവസാന നിമിഷ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാൻ വലിയ തിരക്കിന് വഴിയൊരുക്കിയിരിക്കുകയാണ്. വെറും 204 ദിർഹം മുതലുള്ള ടിക്കറ്റ് നിരക്കിൽ, ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കസക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നത് യുഎഇ താമസക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
അവസാന നിമിഷ ഓഫറുകളും വർദ്ധിച്ച ബുക്കിംഗും:
വിസ് എയറിന്റെ പ്രവർത്തനം ഓഗസ്റ്റ് 31-ഓടെ പൂർണമായി നിലയ്ക്കുന്ന സാഹചര്യത്തിൽ, ഈ ബജറ്റ്-ഫ്രണ്ട്ലി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാ ബുക്കിംഗുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അബുദാബിയിൽ നിന്നുള്ള വൺ-വേ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ:
കുട്ടൈസിയിലേക്ക് (ജോർജിയ): 204 ദിർഹം
യെരേവനിലേക്ക് (അർമേനിയ): 264 ദിർഹം
ബാക്കുവിലേക്ക് (അസർബൈജാൻ): 254 ദിർഹം
താഷ്കെന്റിലേക്ക് (ഉസ്ബെക്കിസ്ഥാൻ): 314 ദിർഹം
അൽമാട്ടിയിലേക്ക് (കസാഖിസ്ഥാൻ): 404 ദിർഹം
ഈ കുറഞ്ഞ നിരക്കുകൾ യുഎഇ നിവാസികൾക്ക് ഹ്രസ്വകാല യാത്രകൾ താങ്ങാനാവുന്നതാക്കി മാറ്റി. എന്നാൽ വിസ് എയറിന്റെ പിന്മാറ്റം കുറഞ്ഞ ചെലവിലുള്ള രാജ്യാന്തര യാത്രകളുടെ ഈ കാലഘട്ടം അവസാനിപ്പിക്കുമോ എന്ന ആശങ്ക പതിവായി യാത്ര ചെയ്യുന്നവർക്കിടയിൽ ശക്തമാണ്. ഉയർന്ന ടിക്കറ്റ് നിരക്കുകൾ കാരണം വേനൽക്കാല ഡൽഹി യാത്ര മാറ്റിവെക്കേണ്ടി വന്ന ഒട്ടേറെ പേരും ഇക്കൂട്ടത്തിലുണ്ട്. വിസ് എയറിന്റെ പിന്മാറ്റം അടുത്തെത്തിയതോടെ ചില താമസക്കാർ ഇതിനകം തന്നെ താങ്ങാനാവുന്ന ബദലുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.
“വിസ് എയറിനെപ്പോലുള്ള ബജറ്റ് എയർലൈനുകൾ പലർക്കും കൂടുതൽ പണം മുടക്കാതെ പുതിയ രാജ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ അവസരം നൽകി. ആ സ്വപ്നം സജീവമായി നിലനിർത്താൻ ഞങ്ങൾക്ക് കൂടുതൽ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളെ ആവശ്യമുണ്ട്,” യാത്രാ പ്രേമികൾ അഭിപ്രായപ്പെട്ടു.
എന്താണ് വിസ് എയറിന് സംഭവിച്ചത്?
യാത്രാ പ്രേമികളായ മലയാളികളുടെ പ്രിയപ്പെട്ട വിസ് എയർ അബുദാബി സർവീസ് നിർത്തിവയ്ക്കുന്നതായി ഈ മാസം ആദ്യമാണ് വാർത്ത പുറത്തുവന്നത്. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഹംഗേറിയൻ അൾട്രാ-ലോ-കോസ്റ്റ് വിമാനക്കമ്പനിയായ വിസ് എയർ ഈ വർഷം ഓഗസ്റ്റ് 31-നകം അവരുടെ എല്ലാ അബുദാബി സർവീസുകളും നിർത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഈ നീക്കം നിലവിലെ യാത്രാ സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുന്നു.
2020 മുതൽ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയിരുന്ന വിസ് എയർ ഈ മേഖലയിലെ കാലാവസ്ഥാപരമായ എൻജിൻ പ്രശ്നങ്ങൾ, ഭൗമരാഷ്ട്രീയപരമായ കാരണങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പരിമിതമായ വിപണി പ്രവേശനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളാണ് സർവീസ് നിർത്തലാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിമാനക്കമ്പനിയുടെ യഥാർഥ ലക്ഷ്യങ്ങൾ നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയ ഈ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ശരിയായ ഒന്നാണെന്ന് സിഇഒ ജോസഫ് വാരാഡി പറഞ്ഞു.
വിസ് എയർ അബുദാബിയുടെ സേവനങ്ങൾ പൂർണമായും ഓഗസ്റ്റ് 31-ന് ശേഷം നിർത്തലാക്കുന്നതോടെ സെപ്റ്റംബർ 1 മുതലുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടും. ഈ തീയതിക്ക് മുൻപ് ബുക്ക് ചെയ്ത യാത്രക്കാരും വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണെന്നും, സേവനം പൂർണമായി നിർത്തലാക്കുന്നതിന് മുൻപും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റീഫണ്ടുകൾക്കും റീബുക്കിംഗിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
വിസ് എയർ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാരെ പൂർണമായ റീഫണ്ടുകൾക്കോ അല്ലെങ്കിൽ സാധ്യമെങ്കിൽ മറ്റ് യാത്രാ ക്രമീകരണങ്ങൾക്കോ വേണ്ടി വിമാനക്കമ്പനി ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർ അവരുടെ ഇമെയിൽ ഇൻബോക്സുകൾ (സ്പാം ഫോൾഡറുകൾ ഉൾപ്പെടെ) സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമാനക്കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഔദ്യോഗിക അറിയിപ്പുകൾക്കായി പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ട്രാവൽ ഏജൻ്റുമാർ വഴിയോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ ബുക്ക് ചെയ്തവർ റീഫണ്ടുകൾക്കും മറ്റ് യാത്രാ ഓപ്ഷനുകൾക്കുമായി അവരെ നേരിട്ട് ബന്ധപ്പെടാനാണ് വിസ് എയർ നിർദ്ദേശിക്കുന്നത്. വിസ് എയറുമായോ ബുക്കിങ് ഏജൻ്റുമായോ ഉള്ള എല്ലാ ആശയവിനിമയങ്ങളുടെയും പകർപ്പുകൾ (ഇമെയിലുകൾ, ചാറ്റ് ലോഗുകൾ, ഫോൺ കോൾ റെക്കോർഡുകൾ) സൂക്ഷിക്കുന്നത് റീഫണ്ട് അല്ലെങ്കിൽ ബദൽ ബുക്കിങ് പ്രക്രിയയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ സഹായകമാകും.
വിസ് എയർ അബുദാബിയുടെ പിന്മാറ്റം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ച ഒട്ടേറെ യാത്രക്കാരുടെ വേനൽക്കാല പദ്ധതികളെ ബാധിച്ചു. അബുദാബിയിൽ നിന്ന് വിവിധ രാജ്യങ്ങളിലെ 29 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. 20 രാജ്യങ്ങളിലായിരുന്നു അവരുടെ പ്രധാന സർവീസുകൾ.
അൽബേനിയ, അർമേനിയ, അസർബൈജാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, സൈപ്രസ്, ഈജിപ്ത്, ജോർജിയ, ഇസ്രായേൽ, ജോർദാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലെബനൻ, മോൾഡോവ, ഒമാൻ, റൊമാനിയ, സൗദി, സെർബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൂടാതെ, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മാൽഡീവ്സ് എന്നിവിടങ്ങളിലെ ചില റൂട്ടുകളിലും അവർക്ക് സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ ചില റൂട്ടുകൾ നേരത്തെ തന്നെ നിർത്തിവച്ചിരുന്നു. വേനലവധിക്ക് നാട്ടിലേക്ക് പോകാത്ത മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഈ രാജ്യങ്ങളിലേതെങ്കിലും സന്ദർശിച്ച് അവധിക്കാലം ചെലവഴിക്കാൻ ഈ ബജറ്റ് എയർലൈൻസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
ഇത്തിഹാദ് എയർവേയ്‌സ് പുതിയ റൂട്ടുകളിലേക്ക്: വിസ് എയറിന് ബദലാകുമോ?
വിസ് എയർ പിന്മാറുന്ന സാഹചര്യത്തിൽ, ഇത്തിഹാദ് എയർവേയ്‌സ് ഏഴ് പുതിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കൂടുതൽ വിമാന സർവീസുകൾ അബുദാബിയിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അൽമാട്ടി (കസാഖിസ്ഥാൻ), ബാക്കു (അസർബൈജാൻ), ബുക്കാറെസ്റ്റ് (റൊമാനിയ), മദീന (സൗദി), ടിബിലിസി (ജോർജിയ), താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ), യെരേവൻ (അർമേനിയ) എന്നിവിടങ്ങളിലേക്കാണ് തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സർവീസ് എന്ന് അധികൃതർ പറഞ്ഞു.
വിമാന ടിക്കറ്റുകൾ അടുത്ത ദിവസങ്ങളിൽ വിൽപ്പനയ്ക്ക് തയ്യാറാകും. 2026 മാർച്ചോടെ ഈ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. എന്നാൽ മദീനയിലേക്കുള്ള സർവീസ് 2025 നവംബറിൽ തന്നെ തുടങ്ങും. ഈ സർവീസുകൾ അബുദാബിയെ ടൂറിസം, സംസ്കാരം, വാണിജ്യം എന്നിവയുടെ ഒരു പ്രധാന കേന്ദ്രം എന്ന നിലയ്ക്ക് കൂടുതൽ ശക്തിപ്പെടുത്തും. ഈ പുതിയ കൂട്ടിച്ചേർക്കലുകളോടെ 2025-ൽ ഇത്തിഹാദ് ആരംഭിക്കുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 27 ആയി. വർഷം മുഴുവൻ സർവീസ് നടത്തുന്ന റൂട്ടുകളും സീസണൽ സർവീസുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ ആളുകളെ നേരിട്ട് അബുദാബിയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് സിഇഒ ആന്റോണോൾഡോ നെവ്സ് പറഞ്ഞു. ഈ പുതിയ റൂട്ടുകൾ അതിവേഗം വളരുന്ന സാംസ്കാരികമായി സമ്പന്നമായ പ്രദേശങ്ങളുമായി ഞങ്ങളെ ബന്ധിപ്പിക്കുന്നു. ഇത് യുഎഇയുടെ തലസ്ഥാനത്ത് ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും ആവശ്യം ഉയർത്താൻ സഹായിക്കും. വിസ് എയർലൈൻസ് സർവീസ് നിർത്തിയ അതേ രാജ്യങ്ങളിൽ പലതിലേക്കും ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നത് യാത്രാ പ്രേമികൾക്ക് ഒരു ബദൽ മാർഗ്ഗമാകുമോ എന്ന് കണ്ടറിയണം. എന്നാൽ, ഇത്തിഹാദിന്റെ നിരക്കുകൾ വിസ് എയറിനെപ്പോലെ ബജറ്റ്-ഫ്രണ്ട്ലി ആകുമോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ പലരുടെയും ആശങ്ക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t