ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ) സെക്രട്ടറി ദേവജിത് സൈക അറിയിച്ചു. ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക യോഗത്തിന് ശേഷമാണ് പ്രസ്താവന.യുഎഇ 2025 സെപ്റ്റംബറിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണെന്ന് ചില ഇന്ത്യൻ, പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചന എത്തുന്നത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്ക് നിലവിൽ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയെ ഒരു നിഷ്പക്ഷ വേദിയായി പരിഗണിക്കുന്നത്.
ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയുൾപ്പെടെയുള്ള ഐസിസി ടൂർണമെന്റുകൾക്ക് യുഎഇ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിനും (ഐപിഎൽ) പലതവണ വേദിയായി. ഇത് യുഎഇയുടെ ആതിഥേയത്വ സാധ്യത വർധിപ്പിക്കുന്നു. ഏഷ്യാ കപ്പിനെക്കുറിച്ചുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടന്നുവരികയാണെന്നും എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ് വി പറഞ്ഞു. എസിസിയിലെ എല്ലാ 25 അംഗരാജ്യങ്ങളും ഈ സുപ്രധാന യോഗത്തിൽ പങ്കെടുത്തു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും നഖ് വി വ്യക്തമാക്കി. ഇതോടെ യുഎഇയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏഷ്യാ കപ്പ് തങ്ങളുടെ മണ്ണിൽ എത്തുമോ എന്ന ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t