ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അബദ്ധത്തിൽ ഈടാക്കിയ തുക തിരികെ നൽകാമെന്ന് പറയും, വൻതുക തട്ടും; യുഎഇയിൽ പുതിയ തന്ത്രവുമായി ‘സൈബർ തട്ടിപ്പ് വീരന്മാർ’

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ/DEWA) പേരിലാണ് പുതിയ സൈബർ തട്ടിപ്പ് അരങ്ങേറുന്നത്. ഓഗസ്റ്റിലെ ബില്ലിൽ‘അബദ്ധത്തിൽ ഈടാക്കിയ 350 ദിർഹം തിരികെ നൽകാം’ എന്ന വ്യാജ വാഗ്ദാനവുമായാണ് സൈബർ കുറ്റവാളികൾ ഇ–മെയിൽ സന്ദേശങ്ങൾ അയക്കുന്നത്.

എട്ട് വർഷമായി അബുദാബിയിൽ താമസിച്ചു ജോലി ചെയ്യുന്ന ഒരാൾക്കാണ് ദുബായിലെ ജലവൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ഈ തട്ടിപ്പ് മെയിൽ ലഭിച്ചത്. ഇ-മെയിലിൽ, അധിക തുകയായ 350 ദിർഹം റീഫണ്ട് ചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ദീവ അക്കൗണ്ട് നമ്പറോ ഫ്ലാറ്റ് നമ്പറോ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല. തുക സ്വീകരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും ഓൺലൈനിൽ പരിശോധിക്കാനുള്ള ലിങ്കും മെയിലിനൊപ്പം ചേർത്തിട്ടുണ്ട്.

അബുദാബിയിൽ താമസിക്കുന്ന വ്യക്തി ദുബായിലെ ബില്ലിനെക്കുറിച്ചുള്ള റീഫണ്ട് റിക്വസ്റ്റ് കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. ഈ ലിങ്കുകളിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വ്യക്തിവിവരങ്ങളും നൽകിയിരുന്നെങ്കിൽ പണം നഷ്ടമായേനെ.

അതിനാൽ, ഉറവിടം പരിശോധിച്ച് ഉറപ്പാക്കാതെ ഇത്തരം മെയിലുകൾ തുറക്കുകയോ ലിങ്കുകളിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത വെബ്സൈറ്റ് ഉപയോഗിക്കുന്നതും തെറ്റായ ആശയവിനിമയ മാർഗങ്ങൾ സ്വീകരിക്കുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാം സൈബർ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. വിലക്കുറവ്, വ്യാജ സമ്മാന വാഗ്ദാനം, വിവാഹ തട്ടിപ്പ്, ഷിപ്പിങ് തുടങ്ങിയ വ്യത്യസ്ത മാർഗങ്ങളിലൂടെ തട്ടിപ്പുകാർ സമീപിക്കാൻ സാധ്യതയുണ്ട്. വഞ്ചിക്കപ്പെട്ടാൽ ഉടൻതന്നെ 800 2626 എന്ന നമ്പറിൽ പോലീസിൽ പരാതിപ്പെടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഞെട്ടിച്ച് സ്പൈസ് ജെറ്റ്: യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം, 148 യാത്രക്കാരുടെയും ലഗേജ് കൊണ്ടുപോകാൻ ‘മറന്നു’; വൻ പ്രതിഷേധം

ദുബായ്/ ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്ന സംഭവം ഡൽഹി വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ (ബുധൻ) വൈകിട്ട് 148 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം ഇറങ്ങിയപ്പോഴാണ് ലഗേജ് ഇല്ലാത്ത വിവരം യാത്രക്കാർ അറിഞ്ഞത്.

ചെറിയ കാലതാമസത്തിനുശേഷം യുഎഇ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം 1.30) ദുബായിൽനിന്ന് പുറപ്പെട്ട എസ് ജി-12 വിമാനം വൈകിട്ട് 5നാണ് ഡൽഹിയിലെത്തിയത്. ലഗേജ് സ്വീകരിക്കുന്ന കൺവെയർ ബെൽറ്റിനടുത്ത് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലേക്ക് ഒരൊറ്റ ബാഗ് പോലും എത്താതിരുന്നതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്.

മുഴുവൻ ലഗേജുകളും ദുബായിൽ തന്നെ വച്ചിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയതായി യാത്രക്കാർ പറഞ്ഞു. “സ്പൈസ് ജെറ്റ് ഇന്ന് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. വെറും ഒരു മണിക്കൂർ വൈകിയതിന് ശേഷം (ഹൂറേ!), അവർ യാത്രക്കാരുടെ ലഗേജ് ദുബായ് വിമാനത്താവളത്തിൽ മറന്നു,” ദീപക് എന്ന യാത്രക്കാരൻ ‘എക്‌സി’ൽ (പഴയ ട്വിറ്റർ) രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തി.

ലഗേജ് ലഭിക്കാത്തവർക്ക് ‘ബാഗേജ് ഇറെഗുലാരിറ്റി റിപ്പോർട്ടുകൾ’ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ട എയർലൈൻ ജീവനക്കാർ, അടുത്ത വിമാനത്തിൽ സാധനങ്ങൾ എത്തിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ, വിമാനത്തിന് ഭാരം കൂടുതലായതിനാലാണ് മുഴുവൻ ലഗേജുകളും ഇറക്കി വെക്കേണ്ടി വന്നത് എന്ന അധികൃതരുടെ വിശദീകരണം പല യാത്രക്കാർക്കും വിശ്വസനീയമായി തോന്നിയില്ല. “ബാഗുകൾ എല്ലാം മുൻകൂട്ടി തൂക്കി നോക്കിയതല്ലേ, ടേക്ക് ഓഫിന് ശേഷമാണോ ഭാരം കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്?” എന്നായിരുന്നു ഒരു യാത്രക്കാരന്റെ ചോദ്യം.

വിലപിടിപ്പുള്ള പല സാധനങ്ങളും ലഗേജുകളിലുണ്ട്. രാജ്യാന്തര റൂട്ടുകളിലെ ലഗേജ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റിനെതിരെ മുൻപും ഒട്ടേറെ വിമർശനങ്ങൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഈ സംഭവത്തിൽ സ്പൈസ് ജെറ്റ് അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സ്പൈസ് ജെറ്റിനെതിരെ അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ പരാതിയാണിത്. കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബർ 7) ജയ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എസ്.ജി-57 വിമാനം ‘പ്രവർത്തനപരമായ കാരണങ്ങളാൽ’ 14 മണിക്കൂർ വൈകിയ ശേഷം റദ്ദാക്കിയിരുന്നു. ഭക്ഷണം, താമസം എന്നിവ ഇല്ലാതെ ദിവസം മുഴുവൻ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർ എയർലൈനിന്റെ തുടർച്ചയായ തടസ്സങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഗാസ വെടിനിർത്തൽ പദ്ധതി പ്രാബല്യത്തിൽ; കരാർ ഈജിപ്തിൽ ഒപ്പുവെച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഇസ്രയേൽ അധികൃതരും ഹമാസും ധാരണയിലെത്തിയതിനെത്തുടർന്ന്, ഗാസ വെടിനിർത്തൽ ഉടമ്പടി വ്യാഴാഴ്ച, ഒക്ടോബർ 9-ന് പ്രാബല്യത്തിൽ വന്നു. ഈജിപ്തിലെ അൽ ഖാഹിറ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് വർഷത്തെ തുടർച്ചയായ ബോംബാക്രമണത്തിൽ ഗാസ മുനമ്പ് തകർന്നിതിന് ശേഷമാണ് ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ വെച്ച് കരാർ ഒപ്പുവെച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *