കാലിഫോർണിയ ∙ ഹരിയായ സ്വദേശിയായ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കപിൽ എന്ന 26കാരനാണ് കാലിഫോർണിയയിൽ മരിച്ചത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കപിൽ ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപം ഒരു അമേരിക്കൻ പൗരൻ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് കപിൽ ചോദ്യം ചെയ്തു. ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് വെടിവെപ്പിലേക്കും നയിച്ചു. വെടിയേറ്റ കപിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ബറഹ് കലാൻ ഗ്രാമത്തിലെ കർഷകനായ ഈശ്വർ സിങ്ങിന്റെ ഏകമകനാണ് കൊല്ലപ്പെട്ട കപിൽ.യുവാവിന്റെ മരണം കുടുംബത്തെയും ഗ്രാമത്തെയും വലിയ ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം 15 ദിവസമെടുക്കുമെന്നാണ് കരുതുന്നത്. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ജീവിതം തേടി രണ്ടര വർഷം മുമ്പാണ് കപിൽ ‘ഡോങ്കി റൂട്ട്’ എന്ന അനധികൃത മാർഗത്തിലൂടെ അമേരിക്കയിലേക്ക് പോയത്. ഇതിനായി കുടുംബം 45 ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് റിപ്പോർട്ട്. യുഎസിൽ വെച്ച് കപിൽ അറസ്റ്റിലായെങ്കിലും പിന്നീട് നിയമനടപടികളിലൂടെ മോചിതനായി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കപിലിന് വിവാഹിതയായ ഒരു സഹോദരിയും പഠിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സഹോദരിയും ഉണ്ട്.
ഈ വർഷം ആദ്യം ജോർജിയയിൽ കൊല്ലപ്പെട്ട ഹരിയാനക്കാരനായ വിവേക് സൈനിയുടെയും 2022-ൽ കാലിഫോർണിയയിൽ കൊല്ലപ്പെട്ട സിഖ് കുടുംബത്തിന്റെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടി യുഎസിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply