യുഎഇയിൽ പുതിയ റോഡ് ശൃംഖല; 8 പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കും

ദുബായ്: വർധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഗതാഗതം മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായിൽ 103 കിലോമീറ്റർ റോഡ് ശൃംഖല വികസിപ്പിക്കുന്നു. എട്ട് പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഏകദേശം നാല് ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

നഗരവികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളുമായി ഈ പുതിയ റോഡുകൾ ബന്ധിപ്പിക്കും.

പദ്ധതിയുടെ ചില ഭാഗങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അൽഖവാനീജ്-2, ജബൽഅലി ഇൻഡസ്ട്രിയൽ ഏരിയ-1 എന്നിവിടങ്ങളിലെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നാദ് അൽഷെബ-1, 3, 4, അൽ അവീർ 1, വാദി അൽ അമർദി, അൽ വാർഖ എന്നീ ആറ് പ്രദേശങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്.

പുതിയ റോഡുകൾ, വഴിവിളക്കുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കും. ഇത് ഈ മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുകയും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *