യുഎഇയിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം, ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരുക്ക്. നഗരത്തിലെ അൽ നഹ്ദ സ്ട്രീറ്റിൽ മെട്രോ സ്റ്റേഷന് എതിർവശത്താണ് അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെക്കുറിച്ച് ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രാഫിക് അപകട വിഭാഗത്തിലെ വിദഗ്ധർ സ്ഥലത്തെത്തി. അപകടകാരണം കണ്ടെത്താനുള്ള സാങ്കേതിക പരിശോധനകളും തെളിവ് ശേഖരണവും ഉദ്യോഗസ്ഥർ ആരംഭിച്ചു. രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തെ തുടർന്ന് അൽ നഹ്ദ സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രാഫിക് പോലീസ് വാഹനങ്ങളെ മറ്റു വഴികളിലേക്ക് തിരിച്ചുവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്തു.

വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്

വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ നിർദ്ദേശിച്ചു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്കിടയാക്കുന്നു. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ പതിവ് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. തിരക്കേറിയ സ്ഥലങ്ങളിലും ബസ്, മെട്രോ സ്റ്റേഷനുകൾക്ക് സമീപത്തും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ദുബായ് പോലീസ് ഓർമിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *