
പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്: തിരുവനന്തപുരം സെൻററുകളിൽ ഗുരുതര ക്രമക്കേടുകൾ, അന്വേഷണം ആവശ്യപ്പെട്ട് ഇൻകാസ്
ദുബായ്: വിദേശത്ത് ജോലി തേടിപ്പോകുന്ന പ്രവാസികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്ററുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി ഇൻകാസ് യു.എ.ഇ. നാഷണൽ കമ്മിറ്റി ആരോപിച്ചു. നിലവിൽ വാഫിദ് (മുമ്പ് ജി.എ.എം.സി.എ) മെഡിക്കൽ പരിശോധനക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളെയാണ്.
ഇൻകാസ് യു.എ.ഇ. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാജി ഷംസുദ്ദീൻ പറയുന്നതനുസരിച്ച്, ചുരുക്കം ചില സെന്ററുകൾ ഒഴികെ ഭൂരിഭാഗം കേന്ദ്രങ്ങളും അപേക്ഷകരെ ‘ആരോഗ്യക്ഷമതയില്ലാത്തവർ’ (unfit) എന്ന് പ്രഖ്യാപിക്കുകയാണ്. എന്നാൽ, ഇതേ വ്യക്തികൾ എറണാകുളത്തെ കേന്ദ്രങ്ങളിൽ വീണ്ടും പരിശോധന നടത്തിയപ്പോൾ ‘ഫിറ്റ്’ ആണെന്ന് കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. കൂടാതെ, പല സെന്ററുകളും അവ്യക്തമായ റിപ്പോർട്ടുകളാണ് നൽകുന്നത്.
ഈ ക്രമക്കേടുകൾ പ്രവാസികളുടെ സ്വപ്നങ്ങളെയും ഭാവിയെയും തകർക്കുന്ന അനീതിയാണെന്ന് ഇൻകാസ് ആരോപിക്കുന്നു. തൊഴിലവസരം നഷ്ടപ്പെടുന്നതിനൊപ്പം വിദേശത്തേക്ക് പോകാൻ വായ്പയെടുത്തവർക്ക് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വിഷയത്തിൽ ഉടനടി അന്വേഷണം നടത്തണമെന്നും, ഈ കേന്ദ്രങ്ങളിൽ പുനഃപരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രിക്കും അടൂർ പ്രകാശ് എം.പിക്കും പരാതി കത്ത് നൽകിയതായും ഷാജി ഷംസുദ്ദീൻ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)