
യുഎഇയിൽ ട്രാഫിക് നിയന്ത്രിക്കാൻ പുതിയ ആൾ; ഇനിയെല്ലാം എഐ നോക്കിക്കോളും!
അബുദാബി: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) സംവിധാനവുമായി അബുദാബി. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള ഏഴ് പ്രധാന പ്രവേശന കവാടങ്ങളിൽ സ്മാർട്ട് ട്രാഫിക് ലൈറ്റ് സംവിധാനം സ്ഥാപിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി) അറിയിച്ചു.
പുതിയ സംവിധാനത്തിൽ, എ.ഐ ക്യാമറകളും സെൻസറുകളും റോഡിലെ വാഹനങ്ങളുടെ എണ്ണം തുടർച്ചയായി നിരീക്ഷിക്കും. ഗതാഗതക്കുരുക്ക് കൂടുന്നതനുസരിച്ച് ട്രാഫിക് സിഗ്നലുകളുടെ സമയം ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാനും ഈ സംവിധാനം സഹായിക്കും.
ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മാത്രമാണ് ഈ സംവിധാനം പ്രവർത്തിക്കുക. ലോകത്ത് ആദ്യമായാണ് ഒരു നഗരം ഈ സാങ്കേതികവിദ്യ ഗതാഗത നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
ശഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ്, ധഫീർ സ്ട്രീറ്റ്, ഹദ്ബാത് അൽ ഗുബൈന സ്ട്രീറ്റ്, സലാമ ബിൻത് ബട്ടി സ്ട്രീറ്റ്, അൽ ധഫ്ര സ്ട്രീറ്റ്, റബ്ദാൻ സ്ട്രീറ്റ്, ഉം യിഫിന സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഈ സ്മാർട്ട് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുക. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം റോഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഐ.ടി.സി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഖഫേലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)