
യുഎഇയിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക്; മലയാളി യുവതിക്ക് നഷ്ടപരിഹാരം 2.37 കോടി രൂപ
യുഎഇയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് 2.37 കോടി രൂപ (10 ലക്ഷം ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്ച്ചാല് സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്കാണ് തുക ലഭിച്ചത്. അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ റഹ്മത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സീബ്രലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന് ഓടിച്ച നിസാൻ പട്രോൾ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിന് റഹ്മത്തും ഉത്തരവാദിയാണെന്ന് പൊലീസും കോടതിയും കണ്ടെത്തി. അപകടത്തിൽ യുവതിക്ക് തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചതിനെ തുടർന്ന് ദുബൈ റാശിദിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, യു.എ.ഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)