അബുദാബിയിലെ സ്കൂളുകളിൽ പ്രവൃത്തിസമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം എത്തിക്കുന്നത് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വിലക്കി. വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ അധ്യയന വർഷം ഓഗസ്റ്റ് 25-ന് ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂളുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇതുസംബന്ധിച്ച ബോധവൽക്കരണ സന്ദേശങ്ങൾ അയച്ചു. പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികളുടെ ശ്രദ്ധ, ഓർമശക്തി, ഊർജ്ജം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.
പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ സുരക്ഷിതവും പാർശ്വഫലങ്ങളില്ലാത്തതുമായ പാത്രങ്ങൾ ഉപയോഗിക്കണം. കറികൾ പ്രത്യേകം പാത്രങ്ങളിൽ വെച്ചാൽ ഭക്ഷണം കേടാകുന്നത് ഒഴിവാക്കാം എന്നും നിർദേശങ്ങളിൽ പറയുന്നു.
കുട്ടികളിൽ അനാരോഗ്യകരമായ ഭക്ഷണരീതികൾ കാരണം അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ മുൻകരുതൽ. വീട്ടിൽ നിന്ന് സമീകൃതാഹാരം നൽകാനും, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t