ദുബായിൽ 218 കോടി രൂപ (25 ദശലക്ഷം ഡോളർ) വിലമതിക്കുന്ന അപൂർവ പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം ദുബായ് പൊലീസ് തകർത്തു. ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ‘പിങ്ക് ഡയമണ്ട്’ എന്ന പേരിട്ട അതീവ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഒരു രത്നവ്യാപാരിയിൽ നിന്ന് രത്നം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഒരു വർഷത്തോളം നീണ്ട ആസൂത്രണമാണ് ഇവർ നടത്തിയത്. പ്രമുഖ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തിയ ഈ രത്നത്തിന് 21.25 കാരറ്റ് ശുദ്ധിയുണ്ട്. ഇത്രയും പരിശുദ്ധിയുള്ള മറ്റൊരു രത്നം കണ്ടെത്താനുള്ള സാധ്യത വെറും 0.01 ശതമാനം മാത്രമാണ്.
ദുബായിലെ ഒരു ജ്വല്ലറി ഉടമയുടെ കൈവശം ഈ രത്നമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗൂഢാലോചന ആരംഭിച്ചത്. സംഘം വ്യാപാരിയെ സമീപിച്ച് ഒരു അതിസമ്പന്നന് രത്നം വാങ്ങാൻ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ചു. വ്യാപാരിയുടെ വിശ്വാസം നേടാൻ ഇവർ ആഡംബര കാറുകൾ വാടകക്കെടുക്കുകയും വലിയ ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. രത്നത്തിന്റെ മൂല്യം മനസ്സിലാക്കാൻ ഒരു വിദഗ്ദ്ധനെയും കൂടെക്കൂട്ടി. ഏറെ നാളത്തെ കഠിനാധ്വാനത്തിനൊടുവിൽ, ഇവരുടെ അഭിനയത്തിൽ വിശ്വസിച്ച വ്യാപാരി, അതീവ സുരക്ഷയിൽ സൂക്ഷിച്ചിരുന്ന രത്നം പുറത്തെടുക്കാൻ സമ്മതിച്ചു.
പിന്നീട്, പ്രതികൾ വ്യാപാരിയെ രത്നം വാങ്ങാൻ താൽപര്യപ്പെട്ടയാൾ താമസിക്കുന്ന ഒരു വില്ലയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വ്യാപാരി രത്നം പുറത്തെടുത്ത ഉടൻ തന്നെ അത് തട്ടിയെടുത്ത് ഇവർ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ തന്നെ വ്യാപാരി പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, പോലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ച് അതിവേഗം അന്വേഷണം ആരംഭിച്ചു. ആധുനിക ട്രാക്കിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏഷ്യൻ വംശജരായ പ്രതികളുടെ ലൊക്കേഷൻ പോലീസിന് കണ്ടെത്താനായി.
ഒരേ സമയം പല സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് രത്നം കണ്ടെത്തിയത്. ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്താനായി തയ്യാറാക്കിയ ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിലായിരുന്നു രത്നം. എട്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. പ്രതികൾ രാജ്യം വിട്ടിരുന്നെങ്കിൽ രത്നം കണ്ടെത്താൻ കഴിയുമായിരുന്നില്ല. ദുബായ് പോലീസിന്റെ ഈ പ്രവർത്തനത്തിൽ രത്ന വ്യാപാരി നന്ദി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t