യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ദിയാധനം’ (blood money) നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണം വാഗ്ദാനം ചെയ്ത് നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
തലാലിന്റെ സഹോദരൻ വിഷയത്തിൽ ഒറ്റപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും മാതാപിതാക്കളുടെ നിലപാട് ഇതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുഭാഷ് ചന്ദ്രൻ ആരോപിച്ചു.
അതേസമയം, നിമിഷപ്രിയയുടെ മോചന വിഷയത്തിൽ ചിലർ പ്രശസ്തി നേടാൻ ശ്രമിക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചു. തങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും കടമ മാത്രമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപരവും രാജ്യതന്ത്രപരവുമായ സാധ്യതകളാണ് ഈ വിഷയത്തിൽ ഉപയോഗിക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കി.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t