അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ അസർബൈജാനിലെ ബാക്കു, ജോർജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു. കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ബാക്കുവിലേക്ക് കൂടുതൽ സർവീസുകൾ
നിലവിൽ അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാക്കുവിലേക്ക് ആഴ്ചയിൽ ആറ് സർവീസുകളാണ് എയർ അറേബ്യ നടത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുതിയ ഫ്ലൈറ്റുകൾ ഉണ്ടാകും.
ടിബിലിസിയിലേക്കും സർവീസ് വർധിപ്പിച്ചു
ഈ മാസം ഏഴാം തീയതി മുതൽ ടിബിലിസിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം ആഴ്ചയിൽ എട്ടായി ഉയർത്തും. ഇതിൽ വ്യാഴാഴ്ച ദിവസങ്ങളിൽ രണ്ട് സർവീസുകൾ ഉണ്ടാകും.
ബാക്കുവിലേക്കും ടിബിലിസിയിലേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കാരണമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി അറിയിച്ചു. ഇത് ഈ രാജ്യങ്ങളുമായുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധം മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതു കൂടാതെ, എയർ അറേബ്യയുടെ അബുദാബി റൂട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കസാക്കിസ്ഥാനിലെ അൽമാട്ടി, അർമേനിയയിലെ യെരേവാൻ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന വിസ് എയർ സർവീസ് നിർത്തിയതോടെയാണ് എയർ അറേബ്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികൾ ഈ റൂട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t