അബൂദബി: വേനൽക്കാലത്ത് കുട്ടികൾ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും മുങ്ങിമരിക്കുന്നത് തടയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. മേൽനോട്ടമില്ലായ്മയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പ്രധാന കാരണങ്ങളും മുന്നറിയിപ്പുകളും
വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി കുടുംബങ്ങൾ ബീച്ചുകളെയും നീന്തൽക്കുളങ്ങളെയും ആശ്രയിക്കുന്നതിനാൽ ഈ സമയങ്ങളിലാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നതെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ വീടുകളിലെ നീന്തൽക്കുളങ്ങളിൽ പിഞ്ചുകുട്ടികൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ബോധവൽക്കരണ കാമ്പയിനുമായി രംഗത്തെത്തിയത്.
ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
ആറാമത് സുരക്ഷിത വേനൽ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി:
സുരക്ഷാ വേലി സ്ഥാപിക്കുക: നീന്തൽക്കുളങ്ങൾക്കു ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണം.
തെൻലില്ലാത്ത പ്രതലം: നീന്തൽക്കുളത്തിൻ്റെ പരിസരത്തെ തറ വഴുക്കാത്തതായിരിക്കണം.
തുടർച്ചയായ മേൽനോട്ടം: കുട്ടികൾ നീന്തുമ്പോൾ മാതാപിതാക്കളോ പരിചാരകരോ ഫോൺ ഉപയോഗിക്കുകയോ മറ്റ് ജോലികളിൽ വ്യാപൃതരാവുകയോ ചെയ്യരുത്. കുട്ടികൾ തനിയെ നീന്തൽക്കുളങ്ങളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, കൂടാതെ അവർ നീന്തുമ്പോൾ മേൽനോട്ടത്തിന് ഒരാൾ എപ്പോഴും ഉണ്ടായിരിക്കണം.
ജീവൽരക്ഷാ ഉപകരണങ്ങൾ: നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്ന കുട്ടികളെ ജീവൻരക്ഷാ ഉപകരണങ്ങൾ ധരിപ്പിക്കണം.
കളിപ്പാട്ടങ്ങൾ നീക്കം ചെയ്യുക: കുട്ടികൾ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നീന്തൽക്കുളങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ മാറ്റണം.
സി.പി.ആർ. പരിശീലനം: മാതാപിതാക്കളും പരിചാരകരും മുതിർന്ന കുട്ടികളും നീന്തൽക്കുളങ്ങളുടെ ഉടമസ്ഥരും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി സി.പി.ആർ. (Cardiopulmonary Resuscitation) നൽകുന്നത് എങ്ങനെയാണെന്ന് പരിശീലനം നേടിയിരിക്കണം.
നീന്തൽ പരിശീലനം: കുട്ടികളെ ജല അതിജീവന രീതികളും നീന്തലും പഠിപ്പിക്കണം.
ഈ ബോധവൽക്കരണ കാമ്പയിൻ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t