ദുബായിലെ പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ദുബായിലെ പാർക്കിംഗ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ 59 ഇടങ്ങളിലായി 2100 പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചു. അതേസമയം, നമസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ പാർക്കിംഗ് സൗജന്യമായിരിക്കും.
പാർക്കിനും ദുബായിലെ ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും (IACAD) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാർ അനുസരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലെ പള്ളികളുടെയും ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള വകുപ്പാണ് IACAD.
പാർക്കിംഗ് സോണുകളും നിരക്കുകളും
പദ്ധതിയുടെ ഭാഗമായി പാർക്കിംഗ് സ്ഥലങ്ങളെ രണ്ട് സോണുകളായി തിരിക്കും:
സോൺ എം (സ്റ്റാൻഡേർഡ്): 41 സ്ഥലങ്ങൾ
സോൺ എം.പി (പ്രീമിയം): 18 സ്ഥലങ്ങൾ
എല്ലാ സ്ഥലങ്ങളിലും നമസ്കാര സമയത്തൊഴികെ, എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിംഗിന് നിരക്ക് ഈടാക്കും. പാർക്കിംഗ് സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും നിരക്കുകൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
നിരക്കുകൾ ഇങ്ങനെ:
സോൺ എം (സ്റ്റാൻഡേർഡ്):
അരമണിക്കൂറിന്: രണ്ട് ദിർഹം
ഒരു മണിക്കൂറിന്: നാല് ദിർഹം
സോൺ എം.പി (പ്രീമിയം):
തിരക്കേറിയ സമയങ്ങളിൽ (രാവിലെ 8-10, വൈകുന്നേരം 4-8):
അരമണിക്കൂറിന്: മൂന്ന് ദിർഹം
ഒരു മണിക്കൂറിന്: ആറ് ദിർഹം
മറ്റുള്ള സമയങ്ങളിൽ:
അരമണിക്കൂറിന്: രണ്ട് ദിർഹം
ഒരു മണിക്കൂറിന്: നാല് ദിർഹം
പദ്ധതിയുടെ ലക്ഷ്യം
പ്രാർത്ഥന സമയങ്ങളിൽ പാർക്കിംഗിന് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് പാർക്കിനും IACAD-യും അറിയിച്ചു. എല്ലാ സമയങ്ങളിലും പള്ളികളിലേക്ക് പ്രവേശനം എളുപ്പമാക്കുകയും വിശ്വാസികളുടെ മതപരമായ കാര്യങ്ങൾക്ക് സൗകര്യമൊരുക്കുന്നതുമാണ് ഈ സംരംഭമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഭാവിയിൽ IACAD-യുടെ കീഴിലുള്ള കൂടുതൽ പള്ളികളിലേക്കും ഈ സംരംഭം വിപുലീകരിച്ചേക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t