ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്വർക്കിങ് സംവിധാനം പൂർണമായും നിലച്ചത്.
രാത്രി ഏഴരയോടെ ലണ്ടനിലെയും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. നിരവധി വിമാനങ്ങൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടതിനാൽ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ആശങ്കയിലായി.
പ്രശ്നം രാത്രി എട്ടരയോടെ പരിഹരിച്ചതായി എയർ ട്രാഫിക് സർവീസ് അറിയിച്ചെങ്കിലും, പെട്ടെന്നുണ്ടായ ഈ പ്രതിസന്ധിയുടെ ആഘാതം പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. രണ്ടു മണിക്കൂറിനുള്ളിൽ 122 വിമാനസർവീസുകളാണ് റദ്ദാക്കിയത്. 50-ൽ അധികം വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ മാത്രം 24 വിമാനങ്ങൾ റദ്ദാക്കുകയും 14 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനാകാതെ വരികയും ചെയ്തു.
യുകെയുടെ വ്യോമപാതയിലെ യാത്രാ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമാണ് നാഷണൽ എയർ ട്രാഫിക് സർവീസ്. ഒരു വർഷം ഏകദേശം 2.5 മില്യൺ വിമാനസർവീസുകളും 250 മില്യൺ യാത്രക്കാരെയുമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. ഇത് ആദ്യമായല്ല NATS-ൽ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുന്നത്. രണ്ട് വർഷം മുൻപുണ്ടായ സമാനമായ സാഹചര്യത്തിൽ രണ്ടായിരത്തിലേറെ വിമാനസർവീസുകളാണ് റദ്ദാക്കപ്പെട്ടത്.
ഹീത്രോ, ഗാറ്റ്വിക്, ലണ്ടൻ സിറ്റി, സ്റ്റാൻസ്റ്റഡ്, ലൂട്ടൻ തുടങ്ങിയ ലണ്ടനിലെ വിമാനത്താവളങ്ങളെയും കാർഡിഫ്, ലിവർപൂൾ, അബർഡീൻ, ഗ്ലാസ്ഗോ, സൗത്താംപ്ടൺ, ബ്രിസ്റ്റോൾ, ന്യൂകാസിൽ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങി രാജ്യത്തെ മിക്ക വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെ ഈ തകരാർ സാരമായി ബാധിച്ചു. പ്രശ്നം പരിഹരിച്ചെങ്കിലും, സാധാരണ നിലയിലേക്ക് മടങ്ങാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t