ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാം. സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി അയയ്ക്കുന്ന ഇമെയിലും ഇനിയുണ്ടാകില്ല.ഇമെയിൽ, ഒടിപി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് രണ്ടു വെരിഫിക്കഷൻ മാർഗങ്ങളും ഒഴിവാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കു നിർദേശം നൽകിയത്. സ്മാർട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ. പണമിടപാടുകൾ സ്ഥിരീകരിക്കാനും നിരാകരിക്കാനും സ്മാർട് ആപ്ലിക്കേഷനിലൂടെ സാധിക്കും.

ജനങ്ങളുടെ ഡിജിറ്റൽ ഐഡി അടിസ്ഥാനമാക്കി ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കും. ബാങ്കുകളിൽ നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങളും ഇടപാടു സമയത്തു നൽകുന്ന വിവരങ്ങളും തമ്മിൽ പൊരുത്തേക്കേണ്ടുണ്ടായാൽ ഇടപാടുകൾ നിരസിക്കും. അക്കൗണ്ട് ഉടമ തന്നെയാണ് ഇടപാടുകൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ സ്മാർട് ആപ്ലിക്കേഷനിൽ സാധിക്കുമെന്നു സാങ്കേതിക വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. തട്ടിപ്പുകാർ ഫോണിലൂടെ വിളിച്ച് ഒടിപി ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്നതും അതുവഴി പണം നഷ്ടപ്പെടുന്നതും നിത്യ സംഭവമാണ്.

സാമ്പത്തിക വിദഗ്ധർ പോലും ഒടിപി തട്ടിപ്പിൽ വീഴാറുണ്ട്. ബാങ്ക് ഇടപാടുകളിൽ നിന്ന് ഒടിപി ഒഴിവാക്കുന്നതിലൂടെ തട്ടിപ്പിനുള്ള വലിയൊരു വഴി കൂടിയാണ് അടയ്ക്കുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഭാവിയിൽ ഒടിപി ഉണ്ടാകില്ലെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ സർക്കുലറിൽ വ്യക്തമാക്കി. ഒടിപി നിർത്തുന്നതോടെ ബാങ്കുകളുടെ ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുമെന്നു ബാങ്കിങ് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്തു പണാപഹരണം തടയാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി പണമിടപാടുകൾ നടത്തുമ്പോഴും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോഴുമാണ് തട്ടിപ്പ് നടക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടു ബാങ്കുകളിൽ ലഭിച്ച പരാതികളിൽ ബഹുഭൂരിപക്ഷവും ഒടിപിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top