ജനുവരി 31 മുതൽ യുഎഇയിൽ പുതിയ നിയമം: സന്ദർശകരും ജാഗ്രത പാലിക്കണം; പിഴ ഒഴിവാക്കാൻ ‘പെർമിറ്റ്’ നിർബന്ധം

പരസ്യലോകത്ത് സമൂഹമാധ്യമങ്ങളുടെ സ്വാധീനം വർധിച്ച സാഹചര്യത്തിൽ, സോഷ്യൽ മീഡിയ ഉപയോഗിച്ച് പരസ്യം ചെയ്യുന്നവർക്ക് അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കി യുഎഇ. യുഎഇ മീഡിയ കൗൺസിൽ 2025 ജൂലൈയിലാണ് ഈ പെർമിറ്റ് സംവിധാനം നടപ്പിലാക്കിയത്. 2026 ജനുവരി 31-നകം പെർമിറ്റ് നേടാത്തവർക്ക് പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതിവേഗം വളരുന്ന ഡിജിറ്റൽ മാധ്യമ മേഖലയെ നിയന്ത്രിക്കുകയും ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ചെറുതും വലുതുമായ ബ്രാൻഡുകൾക്കായി പരസ്യം ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാർ പെർമിറ്റ് വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് മീഡിയ കൗൺസിൽ അറിയിച്ചു.

പെർമിറ്റിന്റെ കാലാവധി

-യുഎഇ പൗരന്മാർക്കും താമസക്കാർക്കും: ഒരു വർഷത്തേക്ക് പെർമിറ്റ്; തുടർന്ന് പുതുക്കാം.

-സന്ദർശക വിസയിലുള്ളവർക്ക്: മൂന്ന് മാസത്തേക്ക് പെർമിറ്റ്; പുതുക്കൽ അനുവദിക്കും.

-പൗരന്മാർക്കും താമസക്കാർക്കും ആദ്യ മൂന്ന് വർഷം പെർമിറ്റ് സൗജന്യം.

പെർമിറ്റ് എടുക്കാനുള്ള അർഹത

-അപേക്ഷകൻ 18 വയസ് പൂർത്തിയായിരിക്കണം

-സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

-യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസൻസ് വേണം

-മീഡിയ കൗൺസിൽ അംഗീകൃത പരസ്യ ഏജൻസിയിലോ ടാലന്റ് മാനേജ്മെന്റ് ഏജൻസിയിലോ രജിസ്റ്റർ ചെയ്തിരിക്കുന്ന സന്ദർശകർക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമാണ്.

ഒഴിവാക്കലുകൾ

-സ്വന്തം പേരിൽ സ്ഥാപനം ഉള്ളവർ, അതത് സ്ഥാപനത്തിന്റെ പരസ്യങ്ങൾ സ്വന്തം അക്കൗണ്ടിലൂടെ ചെയ്യുന്നതിന് പെർമിറ്റ് ആവശ്യമില്ല.

-വിദ്യാഭ്യാസം, കായികം, കല, ബോധവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം ചെയ്യുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് പെർമിറ്റ് നിർബന്ധമല്ല.

പെർമിറ്റ് ലഭിച്ചവർ നിർബന്ധമായി പാലിക്കേണ്ടത്

-മീഡിയ ഉള്ളടക്ക മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

-പരസ്യദാതാവ് വ്യാജ സ്ഥാപനമോ വ്യാജ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം

-സോഷ്യൽ മീഡിയ അക്കൗണ്ടിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം

-കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ടുകൾ വഴിയേ പരസ്യം പ്രസിദ്ധീകരിക്കാവൂ

-ആവശ്യമായാൽ, പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടണം

അപേക്ഷിക്കേണ്ട വിധം

-യുഎഇ മീഡിയ കൗൺസിൽ വെബ്‌സൈറ്റ് uaemc.gov.ae വഴി അപേക്ഷ

-മീഡിയ ലൈസൻസിംഗ് സെക്ഷനിൽ അഡ്വർടൈസർ പെർമിറ്റ് തിരഞ്ഞെടുക്കുക

-യുഎഇ പാസ് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം

-അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിച്ചാൽ, രേഖകൾ ശരിയായാൽ മൂന്ന് ദിവസത്തിനകം ഇ-പെർമിറ്റ് ലഭിക്കും

-15 ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കാത്ത പക്ഷം അപേക്ഷ നിരസിച്ചതായി കണക്കാക്കും

ഫീസ് നിരക്കുകൾ

-ആദ്യ മൂന്ന് വർഷം സൗജന്യം

-നാലാം വർഷം ഒരു വർഷത്തേക്ക് പുതുക്കൽ: 1000 ദിർഹം

-വിസിറ്റർ പെർമിറ്റ് (3 മാസം): 500 ദിർഹം

-വിസിറ്റർ പെർമിറ്റ് പുതുക്കൽ (3 മാസം): 500 ദിർഹം

പരസ്യങ്ങൾക്ക് ബാധകമായ വ്യവസ്ഥകൾ

-പരസ്യങ്ങൾ വ്യക്തവും സുതാര്യവുമാകണം

-പൊതുജന താൽപര്യത്തെ ഹനിക്കരുത്

-റിയൽ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം, ധനകാര്യം തുടങ്ങിയ മേഖലകളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം

-തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കരുത്

സോഷ്യൽ മീഡിയ പരസ്യ മേഖലയിലെ ശാസ്ത്രീയവും ഉത്തരവാദിത്വപരവുമായ പ്രവർത്തനം ഉറപ്പാക്കാനാണ് പുതിയ നിയമമെന്ന് യുഎഇ മീഡിയ കൗൺസിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ

ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.

ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ

ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *