ദുബായ്: വേനൽക്കാല അവധിക്കാലം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും യുഎഇയിലെ പ്രവാസികൾ ഇത്തവണ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വിസ ലഭിക്കാനുള്ള കാലതാമസവും ടിക്കറ്റ് നിരക്കിലെ വൻ വർദ്ധനവും ഭയന്നാണ് പലരും മാസങ്ങൾക്ക് മുൻപേ പ്ലാനിംഗ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അവസാന നിമിഷം വിസ അപേക്ഷ നൽകി യാത്ര മുടങ്ങിയവരുടെ അനുഭവങ്ങളാണ് നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
പ്രത്യേകിച്ച് യൂറോപ്പ് യാത്ര ആഗ്രഹിക്കുന്നവർക്കാണ് വലിയ വെല്ലുവിളിയുള്ളത്. ഷെഞ്ചൻ വിസയ്ക്കുള്ള അപ്പോയിന്റ്‌മെന്റുകൾ മാർച്ചുവരെ മിക്കയിടങ്ങളിലും പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ഏപ്രിൽ മാസത്തിലും വളരെ കുറഞ്ഞ സ്ലോട്ടുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം വിസ ലഭിക്കാത്തതിനെ തുടർന്ന് യാത്രകൾ റദ്ദാക്കേണ്ടി വന്ന ഫാമിലികൾ ഇത്തവണ ജനുവരിയിൽ തന്നെ നടപടികൾ ആരംഭിച്ചതായി ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു.
സ്കൂൾ അവധിക്കാലത്ത് മക്കളോടൊപ്പം വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്ന കുടുംബങ്ങളാണ് ഈ പ്രതിസന്ധിയിൽ അധികവും. വിസ അപ്പോയിന്റ്‌മെന്റുകളുടെ കുറവ് മാത്രമല്ല, യാത്രയോട് അടുക്കുമ്പോൾ വിമാന ടിക്കറ്റ് നിരക്കിലും ഹോട്ടൽ നിരക്കിലും ഉണ്ടാകുന്ന വൻ വർദ്ധനവും ഒഴിവാക്കാൻ നേരത്തെയുള്ള ബുക്കിംഗ് സഹായിക്കും. ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യുഎഇയിൽ നിന്നും നിലവിൽ കൂടുതൽ അന്വേഷണങ്ങൾ വരുന്നത്.
ഇനിയും യാത്ര പ്ലാൻ ചെയ്യാത്തവർ ഉടൻ തന്നെ വിസ അപേക്ഷാ നടപടികൾ തുടങ്ങണമെന്നാണ് ട്രാവൽ വിദഗ്ധരുടെ ഉപദേശം. തിരക്കേറിയ അവധിക്കാലത്ത് സീറ്റുകൾ കിട്ടാനും വിസ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാനും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ ബുക്കിംഗ് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ
ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!
ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.
ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply