യുഎഇയിൽ വില്ലാ തട്ടിപ്പ്: മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷയും വൻ തുക പിഴയും

ദുബായ്: റിയൽ എസ്റ്റേറ്റ് വായ്പയുടെ പേരിൽ ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് അറബ് പൗരന്മാർക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. തട്ടിയെടുത്ത എട്ട് ലക്ഷം ദിർഹത്തിന് പുറമെ നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം കൂടി ചേർത്ത് ആകെ ഒൻപത് ലക്ഷം ദിർഹം പരാതിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ പരസ്യം കണ്ടാണ് വില്ല വാങ്ങാനായി ദമ്പതികൾ ഈ സംഘത്തെ ബന്ധപ്പെട്ടത്. പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച ഇവർ, ഒരു വില്ല പദ്ധതിയിൽ നിക്ഷേപിച്ചാൽ എളുപ്പത്തിൽ ഹോം ലോൺ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തട്ടിപ്പിനായി ഇവർ വ്യാജ കൊമേഴ്സ്യൽ ലൈസൻസും പ്രമുഖ ഡെവലപ്പർമാരുടെ പേരിലുള്ള വ്യാജ സെയിൽസ് കരാറുകളും സർക്കാർ വകുപ്പുകളുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ രേഖകളും നിർമ്മിച്ചു.

രേഖകൾ യഥാർത്ഥമാണെന്ന് വിശ്വസിച്ച ദമ്പതികൾ എട്ട് ലക്ഷം ദിർഹം മുൻകൂറായി കൈമാറി. എന്നാൽ പണം കൈപ്പറ്റിയ ഉടൻ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പ്, രേഖകൾ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

ദമ്പതികൾക്ക് നേരിടേണ്ടി വന്ന സാമ്പത്തിക നഷ്ടവും മാനസിക വിഷമവും കണക്കിലെടുത്താണ് കോടതി അധികമായി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചത്. തുക പൂർണ്ണമായും നൽകുന്നത് വരെ അഞ്ച് ശതമാനം നിയമപരമായ പലിശയും പ്രതികൾ നൽകേണ്ടി വരും. അപരിചിതമായ കമ്പനികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.

തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ

സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *