ക്രിസ്മസ് ദിനത്തില്‍ കാണാതായി; പത്ത് ദിവസത്തിന് ശേഷം പ്രവാസിയെ കണ്ടെത്തിയത് യുഎഇയിലെ ആശുപത്രിയിൽ

ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് ദുരൂഹമായി കാണാതായ 52 വയസ്സുകാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഡിസംബർ 25ന് രാവിലെ 7.30ഓടെ നാട്ടിലുള്ള കുടുംബവുമായി അവസാനമായി സംസാരിച്ച ആൻഡ്രസ്, ക്രിസ്മസ് പ്രമാണിച്ച് പള്ളിയിൽ പോകാനാണെന്ന് മകളോട് പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ കുടുംബം വലിയ ആശങ്കയിലായി, സോഷ്യൽ മീഡിയ വഴി സഹായ അഭ്യർത്ഥനയും നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ട ചില സുമനസ്സുകൾ നൽകിയ നിർണായക സൂചനകളാണ് ആൻഡ്രസിനെ കണ്ടെത്താൻ സഹായകമായത്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും, നിലവിൽ അദ്ദേഹം ബോധം വീണ്ടെടുത്തിട്ടില്ലെന്നുമാണ് വിവരം.

നാട്ടിലുള്ള ഭാര്യയും മകൾ എസ്രയും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ആൻഡ്രസിന് രക്തസമ്മർദ്ദം ഒഴികെ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മകൾ പറഞ്ഞു. അബുദാബി മുസഫയിലെ ഒരു എൻജിനീയറിങ് സ്ഥാപനത്തിലാണ് ആൻഡ്രസ് ജോലി ചെയ്തിരുന്നത്. എന്നാൽ കമ്പനിയിലെ അധികൃതരുമായി ഇതുവരെ ബന്ധപ്പെടാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ സഹായം തേടി ഫിലിപ്പൈൻസിലെ ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (OWWA) ഓഫീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം, ദുബായിൽ കഴിയുന്ന ആൻഡ്രസിന്റെ ഒരു ബന്ധു നാളെ അബുദാബിയിലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യനിലയും മറ്റ് വിവരങ്ങളും നേരിട്ട് അന്വേഷിക്കാനാണ് തീരുമാനം. പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ഈ കണ്ടെത്തൽ ആശ്വാസമായെങ്കിലും, ആൻഡ്രസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക കുടുംബത്തെ വിട്ടൊഴിയുന്നില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ കാറപകടം; ഒരു പിഞ്ചു ജീവൻ കൂടി പൊലിഞ്ഞു, പ്രവാസി മലയാളി കുടുംബത്തിന് നഷ്ടമായത് നാല് കണ്മണികളെ!

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം നോവിലാഴ്ത്തി അബുദാബിയിലെ കാറപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ദുബായിലെ വ്യാപാരിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൽ ലത്തീഫ് (7) ആണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

അബുദാബിയിൽ നിന്ന് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരിയായ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയും നേരത്തെ മരണപ്പെട്ടിരുന്നു. നാല് മക്കളെയും നഷ്ടപ്പെട്ട ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പ്രവാസി ലോകം ഒന്നടങ്കം പങ്കുചേരുകയാണ്.

അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും മാതാവും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്നേഹത്തോടെ കൂടെക്കൂട്ടിയ വീട്ടുവേലക്കാരിയും തന്റെ നാല് മക്കളും വിട്ടുപിരിഞ്ഞത് അറിയാതെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മാതാപിതാക്കൾ നോവാവുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *