ദുബൈ: യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് പരമാവധി മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് പുതിയ നിയമം കർശനമായ പിഴകളാണ് ചുമത്തുന്നത്. കോടതി, ലൈസൻസിംഗ് അതോറിറ്റി, അല്ലെങ്കിൽ ട്രാഫിക് എൻഫോഴ്സ്മെൻ്റ് ബോഡി എന്നിവ ഉത്തരവിട്ട സസ്പെൻഷൻ കാലയളവിൽ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ, അവർക്ക് മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിർഹം പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ച ശേഷം വാഹനമോടിക്കുക, അശ്രദ്ധമായതും അപകടകരവുമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഈ നിയമം ബാധകമാകും.
പുതിയ നിയമം അനുസരിച്ച്, ട്രാഫിക് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തികൾക്കെതിരെ കോടതികൾക്ക് മൂന്ന് പ്രധാന നടപടികൾ സ്വീകരിക്കാനാകും:
നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുക.
സസ്പെൻഷൻ കാലാവധിക്ക് ശേഷം രണ്ട് വർഷം വരെ ലൈസൻസ് പുതുക്കാനുള്ള അവകാശം നിഷേധിക്കുക.
ലൈസൻസ് ഇല്ലാത്ത വ്യക്തിയെ മൂന്ന് വർഷം വരെ പുതിയ ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്കുക.
സസ്പെൻഷൻ അല്ലെങ്കിൽ വിലക്ക് കാലയളവിൽ ലൈസൻസ് അസാധുവായിരിക്കും. ഈ സമയത്ത് ഡ്രൈവർമാർക്ക് പുതിയ ലൈസൻസിനായി അപേക്ഷിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഈ വ്യവസ്ഥകൾ ലംഘിച്ച് നേടുന്ന ഏത് ലൈസൻസും അസാധുവായി കണക്കാക്കും.
എങ്കിലും, ലൈസൻസ് എടുക്കുന്നതിൽ നിന്ന് അയോഗ്യനാക്കപ്പെട്ട വ്യക്തികൾക്ക് ശിക്ഷാവിധി വന്ന തീയതി മുതൽ ആറ് മാസത്തിന് ശേഷം നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് അതേ കോടതിയിൽ തന്നെ അപേക്ഷ നൽകാവുന്നതാണ്. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ പുതിയ നിയമത്തിലൂടെ കൂടുതൽ ശക്തമാവുകയാണ്.
കൂടുതൽ വാങ്ങാം കുറഞ്ഞ വിലയിൽ! യുഎഇയിൽ പുതിയ ഡിസ്കൗണ്ട് ഗ്രോസറി ബ്രാൻഡ്: അറിയാം ‘സാവ’യുടെ പ്രത്യേകതകൾ
ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ മജീദ് അൽ ഫുത്തൈം (Majid Al Futtaim), തങ്ങളുടെ പുതിയ ഡിസ്കൗണ്ട് ഗ്രോസറി ബ്രാൻഡായ ‘സാവ’ (Sava) യുഎഇയിൽ അവതരിപ്പിച്ചു. യുഎഇയിൽ മാളുകളും ‘കാരിഫോർ’ (Carrefour) ഹൈപ്പർമാർക്കറ്റുകളും ഓപ്പറേറ്റ് ചെയ്യുന്ന റീട്ടെയിൽ ഭീമനാണ് മജീദ് അൽ ഫുത്തൈം.
പൂർണ്ണമായും കിഴിവുകൾക്ക് പ്രാധാന്യം നൽകുന്ന ഈ പുതിയ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ദുബായിലെ ദെയ്റയിൽ പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ സ്റ്റോർ ജുമൈറ ബീച്ച് റെസിഡൻസസിലെ (JBR) മുർജാൻ ടവറിലും തുറന്നു. ഈ ആഴ്ചതന്നെ രണ്ട് സ്റ്റോറുകൾ കൂടി തുറക്കുമെന്നും ഈ വർഷാവസാനത്തോടെ യുഎഇയിലുടനീളം 10 ലൊക്കേഷനുകളിൽ സാവ സ്റ്റോറുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും മജീദ് അൽ ഫുത്തൈം അറിയിച്ചു.
നിലവിലുള്ള കാരിഫോർ സ്റ്റോറുകൾ അടച്ച് മാറ്റിയ സ്ഥാനത്താണ് പുതിയ ബ്രാൻഡ് സ്ഥാപിക്കുന്നത്. ദുബായിലെ അൽ നഹ്ദയിലുള്ള കാരിഫോർ ശാഖ അടച്ചുപൂട്ടി നവീകരണത്തിന് ശേഷം അവിടെ ‘സാവ’ ആയി മാറുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കാരിഫോർ റീട്ടെയിൽ ശൃംഖലയുടെ നടത്തിപ്പുകാരായ മജീദ് അൽ ഫുത്തൈം, അടുത്തിടെ ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ കാരിഫോർ സ്റ്റോറുകൾ അടച്ചുപൂട്ടുകയും പകരം പുതിയ ഹൈപ്പർമാർക്കറ്റ് ബ്രാൻഡായ ഹൈപ്പർമാക്സ് (HyperMax) ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും, യുഎഇയിൽ നിലവിൽ കാരിഫോർ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് മജീദ് അൽ ഫുത്തൈം റീട്ടെയിൽ സിഇഒ ഗുന്തർ ഹെൽം വ്യക്തമാക്കി.
ഉയർന്ന നിലവാരം, കുറഞ്ഞ വില:
ഓരോ ആഴ്ചയും 160-ൽ അധികം ഓഫറുകളും 1,600-ൽ പരം ഉൽപ്പന്നങ്ങളുമായി ഉപഭോക്താക്കളെ ആകർഷിക്കാനാണ് ‘സാവ’ ശ്രമിക്കുന്നത്. “നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ” ലക്ഷ്യമിട്ടാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ ഗ്രോസറി റീട്ടെയിൽ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള തങ്ങളുടെ നിലപാട് ഈ പുതിയ സംരംഭം അടിവരയിടുന്നുണ്ടെന്നും, ‘സാവ’ റീട്ടെയിൽ മേഖലയുടെ അടുത്ത തലമുറയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മജീദ് അൽ ഫുത്തൈം കൂട്ടിച്ചേർത്തു. മോൾ ഓഫ് ദി എമിറേറ്റ്സ്, മോൾ ഓഫ് ഈജിപ്റ്റ്, മോൾ ഓഫ് ഒമാൻ, സിറ്റി സെന്റർ ഡെസ്റ്റിനേഷനുകൾ ഉൾപ്പെടെ 29 ഷോപ്പിംഗ് മാളുകളുടെ ഉടമ കൂടിയാണ് മജീദ് അൽ ഫുത്തൈം ഗ്രൂപ്പ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GL5UMIiFmliANXb29QNHyE?mode=wwt
Leave a Reply