ദുബായ്: സ്കൂളിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നന്ദി അറിയിച്ചെഴുതിയ കത്തിന് ദുബായ് പോലീസിന്റെ വക ‘മാസ്’ മറുപടി. അമേരിക്കൻ ഇൻ്റർനാഷനൽ സ്കൂളിലെ വിദ്യാർഥിനി ഹിബത്തുല്ല അഹമ്മദിനെ ആദരിക്കാൻ പോലീസുദ്യോഗസ്ഥർ ക്ലാസ് മുറിയിലേക്ക് നേരിട്ടെത്തിയപ്പോൾ സഹപാഠികളും അധ്യാപകരും ഒരുപോലെ അമ്പരന്നു.
സമൂഹത്തിന് സുരക്ഷയേകുന്ന പോലീസുകാരുടെ പ്രയത്നങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഹിബത്തുല്ല സ്വന്തം കൈപ്പടയിലെഴുതിയ കത്ത് നേരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. “നിങ്ങൾ ചെയ്യുന്നത് പ്രഫഷനലിസത്തിന്റെയും മികവിന്റെയും മാതൃകയാണ്. ഈ രാജ്യത്തെയും ഇവിടുത്തെ താമസക്കാരെയും സംരക്ഷിക്കുന്ന പ്രതിരോധത്തിൻ്റെ ആദ്യനിരയായി നിങ്ങളെ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ അർപ്പണബോധത്തിനും പെട്ടെന്നുള്ള പ്രതികരണത്തിനും ആവശ്യമായവർക്ക് സഹായം നൽകാനുള്ള മനസ്സിനും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല,” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ഈ ഹൃദയസ്പർശിയായ സന്ദേശത്തിന് മറുപടിയായി ഖിസൈസ് പോലീസ് സ്റ്റേഷനിലെ പ്രതിനിധികൾ ഹിബത്തുല്ലയെ അവിസ്മരണീയമായൊരു സന്ദർശനം കൊണ്ട് അമ്പരപ്പിച്ചു. ഖിസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ റാഷിദ് മുഹമ്മദ് സാലെമും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ലഫ്. കേണൽ അഹമ്മദ് അൽ ഹാഷ്മിയും ചേർന്നാണ് സഹപാഠികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് ഹിബത്തുല്ലയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.
ഹിബത്തുല്ലയുടെ വാക്കുകൾ പോലീസുദ്യോഗസ്ഥരെ വല്ലാതെ സ്പർശിച്ചുവെന്നും ആ പ്രശംസ പ്രചോദിപ്പിച്ചുവെന്നും ലഫ്. കേണൽ റാഷിദ് മുഹമ്മദ് പറഞ്ഞു. സഹകരണവും സന്മനസ്സും പ്രകടിപ്പിക്കുന്ന വ്യക്തികളെയും സാമൂഹിക പങ്കാളികളെയും ആദരിക്കുന്ന ദുബായ് പോലീസിൻ്റെ “നിങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ എത്തുന്നു” എന്ന സംരംഭത്തിൻ്റെ ഭാഗമായാണ് ഹിബത്തുല്ലയെ ആദരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
പോലീസിൻ്റെ ആദരവിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച ഹിബത്തുല്ല, സ്കൂളിന് പുറത്ത് ഗതാഗതം നിയന്ത്രിക്കുന്നതും രക്ഷിതാക്കളെയും വിദ്യാർഥികളെയും സഹായിക്കുന്നതുമായ പോലീസുകാരുടെ സേവനം കണ്ടാണ് താൻ നന്ദി കത്തെഴുതിയതെന്നും അത് സുരക്ഷിതത്വം നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രേതകഥകളിലെ നിഗൂഢ സൗധം, യുഎഇയിലെ ‘വൈറൽ കൊട്ടാരം’ വിൽപനയ്ക്ക്! വിലകേട്ടാൽ ഞെട്ടും
യു.എ.ഇയിൽ ഏറെക്കാലം അഭ്യൂഹങ്ങളിൽ നിറഞ്ഞുനിന്ന റാസൽഖൈമയിലെ പ്രസിദ്ധമായ ‘വൈറൽ കൊട്ടാരം’ വിൽക്കാനൊരുങ്ങുന്നു. ഉടമ താരീഖ് അൽ ശർഹാൻ അൽ നുഐമി, 2.5 കോടി ദിർഹമാണ് വിലയായി അറിയിച്ചത്.
റാക് നോർത്ത് ദൈത്ത് കുന്നിൻമുകളിലുള്ള നാലുനില ഭവനത്തെക്കുറിച്ച് ‘പ്രേതബാധയേൽക്കും’, ‘ജിന്നുകളുടെ വിളയാട്ടമാണ്’ എന്നീ രീതിയിലുള്ള വർത്തമാനങ്ങൾ തദ്ദേശീയർക്കിടയിലും മലയാളികൾ ഉൾപ്പെടെ വിദേശികൾക്കിടയിലും നിലനിന്നിരുന്നു. ഏഴ് വർഷം മുമ്പ് ഭവനം വിലക്ക് വാങ്ങിയ താരീഖ് അൽ ശർഹാൻ, ഇതിന് ‘അൽ ഖസ്ര് ആൽ ഗാമിദ്’ എന്ന പേരിടുകയും ചെയ്തു.
20,000 ചതുരശ്ര വിസ്തൃതിയിൽ 35ഓളം മുറികളുള്ള ഈ പാർപ്പിടം 1985ൽ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് ആൽ ഖാസിമിയുടെ മുൻകൈയിലാണ് നിർമാണം തുടങ്ങിയത്. 1990ൽ പൂർത്തിയായ ഭവനത്തിന്റെ പ്രധാന ആകർഷണം ഇന്ത്യൻ, മൊറോക്കോ, ഇറാൻ, ഇസ്ലാമിക വാസ്തുവിദ്യകളുടെ മനോഹാരിതയാണ്. ചുമരുകളിലും മച്ചുകളിലും സ്ഥാനം പിടിച്ച ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും വീടിനെക്കുറിച്ച് പ്രേത വർത്തമാനങ്ങൾക്ക് വഴിവെച്ചു. കൊച്ചു കുട്ടികളുടെ മുഖം ജാലകങ്ങളിലൂടെ കാണുന്നതും ആളുകളെ വിളിക്കുന്നതുമായ കിംവദന്തികളും പരന്നു.
മൂന്ന് പതിറ്റാണ്ട് കാലം നിഗൂഢതയിൽ കഴിഞ്ഞ പാർപ്പിടം, താരീഖ് അൽ ശർഹാൻറെ ഉടമസ്ഥതയിലെത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രമായി മാറി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ആയിശ’യുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു. നിലവിൽ 50 ദിർഹം ഫീസിൽ രാവിലെ 9 മുതൽ വൈകീട്ട് 7 വരെ സന്ദർശകരെ സ്വീകരിക്കുന്നുണ്ട്.
പാർപ്പിടത്തിന്റെ യഥാർഥ സൗന്ദര്യം അതിന്റെ കരകൗശലത്തിലും പൈതൃകത്തിലുമാണെന്നാണ് താരീഖ് അൽ ശർഹാന്റെ അഭിപ്രായം. റാസൽഖൈമയുടെ നിയമമനുസരിച്ച് പാർപ്പിടം ഒരു തദ്ദേശീയന്റെ പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. നിക്ഷേപം ലക്ഷ്യമാക്കിയാണ് വിൽപന. സാംസ്കാരികവും ചരിത്രപരവുമായ ഈ പാർപ്പിടത്തെ വിലമതിക്കുന്ന ഒരു ഉടമയെയാണ് താൻ തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’
അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.
നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.
ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം
അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.
സമ്മാനം നേടിയ മലയാളികൾ:
അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.
ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഐഎസ്ആർഒയിൽ നൂറിലധികം ഒഴിവുകൾ: പത്താം ക്ലാസുകാർക്കും അവസരം; ശമ്പളം 1.77 ലക്ഷം രൂപ വരെ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC SHAR) നൂറിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകൾ മുതൽ ടെക്‌നീഷ്യൻ, പാചകക്കാർ, ഡ്രൈവർമാർ എന്നിവർക്ക് വരെ ഇത് സുവർണാവസരമാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 14 ആണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റായ isro.gov.in വഴി അപേക്ഷ നൽകണം.
പ്രധാന ഒഴിവുകളും യോഗ്യതകളും
സയന്റിസ്റ്റ്/എഞ്ചിനീയർ വിഭാഗത്തിൽ 23 ഒഴിവുകളുണ്ട്. ബി.ഇ/ബി.ടെക്, എഞ്ചിനീയറിംഗ് ബിരുദം എന്നിവയാണ് പ്രധാന യോഗ്യത. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹56,100 മുതൽ ₹1,77,500 വരെ ശമ്പളം ലഭിക്കും.
ടെക്‌നീഷ്യൻ ‘ബി’ തസ്തികയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 70 എണ്ണം. എസ്.എസ്.എൽ.സി/എസ്.എസ്.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ടെക്‌നിക്കൽ അസിസ്റ്റന്റ് (28 ഒഴിവ്), സയന്റിഫിക് അസിസ്റ്റന്റ് (3 ഒഴിവ്) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഫയർമാൻ (6 ഒഴിവ്), പാചകക്കാർ (3 ഒഴിവ്), ഡ്രൈവർ (3 ഒഴിവ്) തുടങ്ങിയ തസ്തികകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മറ്റു തസ്തികകളായ റേഡിയോഗ്രാഫർ, ഡ്രാഫ്റ്റ്‌സ്‌മാൻ, ലൈബ്രറി അസിസ്റ്റന്റ് എന്നിവയിലേക്കും ഒഴിവുകളുണ്ട്.
ടെക്‌നീഷ്യൻ, പാചകക്കാർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് ₹21,700 മുതൽ ₹69,100 രൂപ വരെയാണ് ശമ്പളപരിധി.
തിരഞ്ഞെടുപ്പും അപേക്ഷാ ഫീസും
18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. എന്നാൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് അഭിമുഖത്തിനു പകരം സ്കിൽ ടെസ്റ്റ് (പ്രാവീണ്യ പരീക്ഷ) നടത്തും.
അപേക്ഷാ ഫീസ് 750 രൂപയാണ്. സ്ത്രീകൾ, എസ്.സി/എസ്.ടി., മുൻ സൈനികർ എന്നിവർക്ക് ഈ ഫീസ് പൂർണ്ണമായും തിരികെ നൽകും. മറ്റുള്ള അപേക്ഷകർക്ക് 500 രൂപ പരീക്ഷയ്ക്ക് ശേഷം തിരികെ ലഭിക്കുന്നതാണ്.
വിശദമായ വിജ്ഞാപനത്തിനായി ഉദ്യോഗാർത്ഥികൾ ഐഎസ്ആർഒയുടെ വെബ്സൈറ്റ് സന്ദർശിക്കണം.https://www.isro.gov.in/Careers.html
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply