ദുബായ് ∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുമ്പോൾ, വിദ്യാർഥികൾക്ക് ഇരട്ടി സന്തോഷം നൽകി മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ കരിക്കുലം സ്കൂളുകൾ നീണ്ട അവധി പ്രഖ്യാപിച്ചു. ഇത്തവണ ദീപാവലിക്ക് നാല് ദിവസം വരെയാണ് ഭൂരിഭാഗം സ്കൂളുകളും അവധി നൽകുന്നത്. പല സ്കൂളുകളിലും നാളെ (ഒക്ടോബർ 17) മുതൽ അവധി ആരംഭിക്കും. ചില സ്ഥാപനങ്ങൾ വാരാന്ത്യത്തോടൊപ്പം അവധിക്ക് പ്രവേശിച്ച് ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
വാരാന്ത്യത്തോടൊപ്പം ചേർത്തുള്ള ഈ നീണ്ട അവധി, ആഘോഷങ്ങൾക്കായി കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. യാത്രകൾ, ക്ഷേത്ര സന്ദർശനങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്ക്ക് ഈ അധിക സമയം പ്രയോജനപ്പെടുത്താനാകും.
ദുബായ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ദീപാവലിയുടെ ഭാഗമായി നാളെയും (17) ഒക്ടോബർ 20നും അവധിയായിരിക്കും. 21 മുതൽ സാധാരണ നിലയിൽ ക്ലാസുകൾ പുനരാരംഭിക്കും. വിവിധ വിദ്യാഭ്യാസ ഗ്രൂപ്പുകൾക്ക് കീഴിലുള്ള നിരവധി ഇന്ത്യൻ സ്കൂളുകളും ഇതേ അവധിക്രമീകരണങ്ങളാണ് പിന്തുടരുന്നത്.
ലോകമെമ്പാടുമുള്ളതുപോലെ യുഎഇയിലെ ഇന്ത്യൻ ഹിന്ദു സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ദീപാവലി. വിളക്കുകൾ കത്തിച്ചും പരമ്പരാഗത ആചാരങ്ങളോടും മധുരപലഹാരങ്ങളോടും കൂടിയാണ് ഇത് ആഘോഷിക്കുന്നത്. വുഡ്‌ലം പാർക്ക് സ്കൂൾ ദുബായ്, ക്രെഡൻസ് ഹൈസ്കൂൾ, അബുദാബിയിലെ ഷൈനിങ് സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ എന്നിവ ഉൾപ്പെടെ നിരവധി സ്കൂളുകൾ ഇതിനകം ദീപാവലി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഘോഷ വേളയിൽ, സാംസ്കാരിക കാര്യങ്ങളിൽ ശ്രദ്ധയൂന്നാനും കുടുംബബന്ധങ്ങൾ ദൃഢമാക്കാനും അവധി ഉപയോഗിക്കാനാണ് സ്കൂളുകൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ ഭയക്കണം: ക്രെഡിറ്റ് സ്‌കോർ, കേസ്, യാത്രാവിലക്ക്; പ്രവാസികൾ നിർബന്ധമായും അറിയേണ്ട 3 കാര്യങ്ങൾ!
യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ കുറവാണ്. അപ്രതീക്ഷിതമായി പണച്ചെലവ് കൂടുമ്പോൾ പലരും ക്രെഡിറ്റ് കാർഡിന്റെ സഹായം തേടാറുണ്ട്. എന്നാൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയുന്നതിനൊപ്പം, കേസ് നടപടികൾ മുതൽ യാത്രാവിലക്ക് വരെ നേരിടേണ്ടിവരും.
അടവ് മുടങ്ങിയാൽ എന്ത് സംഭവിക്കും?
മിക്ക ബാങ്കുകളും തിരിച്ചടവ് തീയതി ഓർമ്മിപ്പിച്ച് സന്ദേശങ്ങൾ അയക്കാറുണ്ട്. നിശ്ചിത തീയതിയിൽ പണം അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ പിഴ ഈടാക്കും. യുഎഇ സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്പാ കരാറിലെ ആർട്ടിക്കിൾ 4(4) പ്രകാരം, തുടർച്ചയായി മൂന്നോ ആറോ തവണ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാൽ അത് വീഴ്ചയായി കണക്കാക്കും.
ഇങ്ങനെ വന്നാൽ, മുടങ്ങിയ തുക മാത്രമല്ല, തിരിച്ചടയ്‌ക്കേണ്ട വായ്പയുടെ മുഴുവൻ തുകയും ഉടൻ തിരിച്ചടയ്ക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനാകും. ഇതിനായി ബാങ്ക് പ്രത്യേക നോട്ടീസോ കോടതി ഉത്തരവോ നൽകേണ്ടതില്ല. ക്രെഡിറ്റ് കാർഡിനെ വ്യക്തിഗത വായ്പയായിട്ടാണ് കണക്കാക്കുന്നത്.
സെക്യൂരിറ്റി ചെക്കും നിയമനടപടികളും:
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ സെക്യൂരിറ്റി ചെക്ക് വാങ്ങാറുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ, ഈ ചെക്ക് ബാങ്ക് ക്ലിയറൻസിനായി സമർപ്പിക്കും. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുകയാണെങ്കിൽ, 2022-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 50 (കൊമേഴ്‌സ്യൽ ട്രാൻസാക്ഷൻസ് ലോ) പ്രകാരം ബാങ്കിന് എക്സിക്യൂഷൻ കേസ് ഫയൽ ചെയ്യാൻ കഴിയും.
യാത്രാവിലക്ക് (ട്രാവൽ ബാൻ):
തിരിച്ചടയ്‌ക്കാനുള്ള തുക 10,000 ദിർഹമിൽ കൂടുതലാണെങ്കിൽ, 2022-ലെ ഫെഡറൽ നിയമം നമ്പർ 42 ആർട്ടിക്കിൾ 324 പ്രകാരം ഉപഭോക്താവിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ബാങ്കിന് കോടതിയിൽ ആവശ്യപ്പെടാം. കോടതിയുടെ ഉത്തരവിലൂടെയാണ് യാത്രാവിലക്ക് നടപ്പിലാക്കുന്നത്. പണമിടപാട് തീർപ്പാകുന്നതുവരെ വിലക്ക് പ്രാബല്യത്തിൽ തുടരും.
ചില സാഹചര്യങ്ങളിൽ യാത്രാവിലക്ക് ഒഴിവാകാം:
ബാങ്ക് കോടതിയിൽ സമ്മതിച്ചാൽ.
തിരിച്ചടവ് തുക കോടതിയിൽ കെട്ടിവെച്ചാൽ.
തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി അല്ലെങ്കിൽ വിശ്വാസ്യതയുള്ള വ്യക്തിയുടെ ഗ്യാരണ്ടി നൽകിയാൽ.
നിശ്ചിത സമയപരിധിക്കുള്ളിൽ (8 മുതൽ 30 ദിവസം വരെ) കേസ് ഫയൽ ചെയ്യുന്നതിനോ നടപ്പിലാക്കുന്നതിനോ ബാങ്കിന് വീഴ്ച സംഭവിച്ചാൽ.
പ്രതിസന്ധി ഘട്ടങ്ങളിൽ ചെയ്യേണ്ടത്:
തിരിച്ചടവിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ, നിയമനടപടികളിലേക്ക് പോകുന്നതിന് മുൻപ് ആ വിവരം ബാങ്കിനെ അറിയിക്കുന്നതാണ് ഉചിതം. മിക്ക ബാങ്കുകളും പ്രശ്നപരിഹാരത്തിനായി തവണകളിൽ ഇളവ് നൽകാനും പലിശ കുറയ്ക്കാനും തയ്യാറാകാറുണ്ട്. പിഴ ഒഴിവാക്കിത്തരാനും സാധ്യതയുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിൽ, ‘ഇൻസോൾവൻസി നിയമപ്രകാരം’ അപേക്ഷ നൽകുന്നത് പരിഗണിക്കാം. ഇതുവഴി തിരിച്ചടവ് തുകയുടെ പുനഃക്രമീകരണം സാധ്യമായേക്കാം. ബാങ്കുമായി ഒത്തുതീർപ്പിലെത്തുന്നതാണ് കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ഉചിതം. ഒത്തുതീർപ്പിലെത്താൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് സിവിൽ കേസ് ഫയൽ ചെയ്യാം. കോടതിവിധി പ്രതികൂലമാണെങ്കിൽ ജപ്തി, യാത്രാവിലക്ക് എന്നിവ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ബാങ്കിന് കടക്കാം.
പ്രവാസികൾ നിർബന്ധമായും അറിയേണ്ട 3 കാര്യങ്ങൾ:
ക്രെഡിറ്റ് കാർഡ് കടം അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമപരമായ പരിരക്ഷ ഉപഭോക്താവിനും ബാങ്കിനും തുല്യമായി ലഭിക്കുന്ന യുഎഇയിൽ ഈ മൂന്ന് കാര്യങ്ങൾ എപ്പോഴും ഓർക്കുക:
പണമിടപാടുകളുടെ തെളിവുകൾ: തിരിച്ചടവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൃത്യമായി സൂക്ഷിക്കുക.
യാത്രാവിലക്ക് ഉറപ്പാക്കുക: യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രാവിലക്കില്ലെന്ന് ഉറപ്പാക്കുക.
ബാങ്കിനെ അറിയിക്കുക: കടം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ എത്രയും പെട്ടെന്ന് ആ വിവരം ബാങ്കിനെ അറിയിച്ച് പരിഹാരം തേടുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply