ഷാർജ ∙ വ്യാജ രസീതുകൾ ഉപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്ത കേസിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് (സിഐഡി) നടത്തിയ നിർണായക നീക്കത്തിലാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.
ഓൺലൈൻ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും വാഹനം വിൽക്കാൻ വെക്കുന്നവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പണം നൽകാതെ തന്നെ വാഹനം സ്വന്തമാക്കുക, വിൽപനക്കാരെ കബളിപ്പിച്ച് വ്യാജ പണമിടപാട് രേഖകൾ നൽകുക എന്നിവയായിരുന്നു ഇവരുടെ രീതി.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
ഓൺലൈനിൽ വാഹനം വിൽപനയ്ക്ക് വെച്ച ഒരാൾക്ക് തട്ടിപ്പുകാർ ആകർഷകമായ വില വാഗ്ദാനം ചെയ്തു. തുടർന്ന്, തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കാണിച്ച് വ്യാജ രസീത് വിൽപനക്കാരന് അയച്ചു നൽകി. പണം അക്കൗണ്ടിൽ എത്താൻ സമയമെടുക്കുമെന്ന് വിശ്വസിപ്പിച്ച ശേഷം വിൽപനക്കാരൻ വാഹനം ഇവർക്ക് കൈമാറുകയായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഉടൻ ഇയാൾ പോലീസിൽ പരാതി നൽകി.
സംഘത്തലവൻ ബുദ്ധികേന്ദ്രം:
സംഭവത്തെ തുടർന്ന് ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് (സിഐഡി) തലവൻ കേണൽ ഡോ. ഖലീഫ ബൽഹായ്യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ, സംഘത്തിന് ഒരു സംഘത്തലവൻ ഉണ്ടെന്നും ഇയാളാണ് തട്ടിപ്പുകൾ ആസൂത്രണം നടത്തുകയും മറ്റുള്ളവർക്ക് ചുമതലകൾ വീതിച്ചു നൽകുകയും ചെയ്തിരുന്നതെന്നും വ്യക്തമായി.
ഓൺലൈൻ വിൽപനക്കാരുമായി ബന്ധപ്പെടുന്ന സംഘാംഗങ്ങൾ വ്യാജ ഐഡി കാർഡുകളും വ്യാജ രസീതുകളും അയച്ച് ആദ്യം വിശ്വാസം പിടിച്ചുപറ്റും. വിശ്വാസം വർധിപ്പിക്കാൻ, പണം ലഭിച്ച ശേഷം മാത്രം ഉടമസ്ഥാവകാശം മാറ്റിയാൽ മതിയെന്നും ഇവർ വിൽപനക്കാരോട് ആവശ്യപ്പെടും. തുടർന്ന്, വാഹനം ഒരു പ്രത്യേക സ്ഥലത്ത് എത്തിക്കുമ്പോൾ അത് കൈക്കലാക്കി നമ്പർ പ്ലേറ്റുകൾ ഉടൻ തന്നെ കേടുവരുത്തി വിൽപനക്കാരനുമായുള്ള ബന്ധം വിച്ഛേദിച്ച് അപ്രത്യക്ഷരാവുകയായിരുന്നു ഇവരുടെ പതിവ്. അതീവ രഹസ്യ സ്വഭാവത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്ക് ഇനി പ്രത്യേക ആപ്പ്; ഇനി എല്ലാ യാത്രകളും ഒരുമിച്ച് ബുക്ക് ചെയ്യാം
അബുദാബി: അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ട്രെയിൻ യാത്ര പൂർത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓൺ ഡിമാൻഡ് ടാക്സി എന്നിവയിലേക്കുള്ള തുടർ യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്യുന്നത്.
ഇത്തിഹാദ് റെയിൽ ശൃംഖലയെ ‘സിറ്റി മാപ്പർ’ ആപ്പുമായി സംയോജിപ്പിച്ചാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. യാത്ര പുറപ്പെടുന്ന സ്ഥലം മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള എല്ലാ കണക്ഷൻ സേവനങ്ങളും ഈ ആപ്പ് വഴി ഒറ്റയടിക്ക് ബുക്ക് ചെയ്യാനാകും.
കൂടാതെ, ട്രെയിൻ റൂട്ടുകൾ, ടിക്കറ്റ് നിരക്കുകൾ, മറ്റ് യാത്രാ മാർഗങ്ങളുമായുള്ള താരതമ്യം ചെയ്യാനുള്ള സൗകര്യം എന്നിവയും ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് യുഎഇയിലെ പൊതുഗതാഗത യാത്ര കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കാൻ സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇരട്ടിയായി തുടരും; വർധന 2026 ഒക്ടോബർ വരെ നീട്ടി
ദുബായ്: യുഎഇയിൽ സ്റ്റീൽ, സ്റ്റീൽ കോയിലുകൾക്ക് നിലവിലുള്ള കസ്റ്റംസ് തീരുവ വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ നീട്ടി. കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10% ആയി വർധിപ്പിച്ചത് 2026 ഒക്ടോബർ 12 വരെ തുടരുമെന്ന് ദുബായ് കസ്റ്റംസ് പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.
ധനകാര്യ മന്ത്രാലയത്തിൻ്റെ കത്ത് പരിഗണിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി എടുത്ത തീരുമാനത്തെ തുടർന്നാണ് ഈ വർദ്ധനവ് നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (WTO) റിപ്പോർട്ട് അനുസരിച്ച്, 2024-ൽ യുഎഇയുടെ ഇരുമ്പ്, സ്റ്റീൽ വിദേശ വ്യാപാരം 6% ഇടിഞ്ഞിരുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% ൽ നിന്ന് 50% ആയി ഉയർത്തിയപ്പോൾ യുഎഇ സ്റ്റീൽ നിർമാതാക്കൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. യുഎഇയിലെ സ്റ്റീൽ നിർമാതാക്കൾക്ക് യുഎസ് വിപണിയിൽ കാര്യമായ സ്വാധീനമില്ലാത്തതിനാൽ യുഎസ് തീരുവ വർദ്ധനവ് തങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് അന്ന് അവർ ഉറപ്പുനൽകിയിരുന്നു. പുതിയ കസ്റ്റംസ് തീരുവ വർധനവ് നീട്ടാനുള്ള തീരുമാനം പ്രാദേശിക സ്റ്റീൽ വ്യവസായത്തിന് പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയാണോ കേരളമാണോ? എവിടെയാണ് നിക്ഷേപത്തിന് ബെസ്റ്റ്! പ്രവാസികൾക്ക് ഇങ്ങനെയും സമ്പാദിക്കാം
യുഎഇയിലെ പ്രവാസികളുടെ മനസ്സിലെ ഒരു പ്രധാന ചോദ്യമാണ് തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നത്. ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് അയച്ച് ബാങ്കിൽ നിക്ഷേപിക്കണോ, അതോ യുഎഇയിൽ തന്നെ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാൻ ശ്രമിക്കണോ എന്നതിനെക്കുറിച്ചാണ് ഓരോ പ്രവാസിയും ചിന്തിക്കുന്നത്. സുരക്ഷിതത്വവും വരുമാന വർദ്ധനവും ഉറപ്പാക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഏതാണ്?
വിനിമയ നിരക്ക് ഒരു വെല്ലുവിളി:
നാട്ടിലേക്ക് പണം അയയ്ക്കുന്നതിന്റെ പ്രധാന വെല്ലുവിളി ‘വിനിമയ നിരക്ക്’ ആണ്. ദിർഹത്തിന് മൂല്യം കൂടുമ്പോൾ രൂപയിലേക്ക് മാറ്റുന്നത് ലാഭകരമാകും. എന്നാൽ ദിർഹത്തിന്റെ മൂല്യം കുറഞ്ഞാൽ സാമ്പത്തിക നഷ്ടം സംഭവിക്കാം. ഈ നിരക്ക് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിക്ഷേപം യുഎഇയിൽ തന്നെ നിലനിർത്തുന്നത് വിനിമയ നിരക്കിലെ നഷ്ട സാധ്യത കുറയ്ക്കാൻ സഹായിക്കും.
നിക്ഷേപത്തിന് യുഎഇ എന്തുകൊണ്ട് മികച്ചതാകുന്നു?
സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് യുഎഇ തന്നെയാണ് നിക്ഷേപത്തിന് മികച്ചത് എന്നാണ്. ഇതിന്റെ പ്രധാന കാരണം, ഇവിടെ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതിയില്ല എന്നതാണ്. ദിർഹമായി നിലനിർത്തുന്നതിലൂടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം മൂലമുള്ള നഷ്ടവും ഒഴിവാക്കാനാകും.
സുരക്ഷിതത്വത്തിന് കേരളം:
എന്നാൽ, നിങ്ങളുടെ ലക്ഷ്യം സാമ്പത്തിക സുരക്ഷിതത്വമാണ് എങ്കിൽ കേരളമാണ് കൂടുതൽ അനുയോജ്യം. മിക്ക പ്രവാസികളും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് നാട്ടിലെ കടബാധ്യതകൾ തീർക്കാനും സുരക്ഷിതമായ സ്ഥിര നിക്ഷേപങ്ങൾ നടത്താനും കേരളത്തിലെ നിക്ഷേപ മാർഗ്ഗങ്ങൾ മുന്നിട്ട് നിൽക്കുന്നു. എന്നാൽ, ഇവിടെ നിക്ഷേപ ലാഭത്തിന് നികുതി ബാധകമായേക്കാം എന്നത് ശ്രദ്ധിക്കണം.
മികച്ച മാർഗ്ഗം:
അതിനാൽ, അത്യാവശ്യങ്ങൾക്കായി നാട്ടിലേക്ക് പണം അയച്ച ശേഷം, ബാക്കിയുള്ള തുക ദീർഘകാല വളർച്ചയ്ക്കായി യുഎഇയിലെ നികുതിയില്ലാത്ത നിക്ഷേപ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾ ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങൾ:
ചെലവ് കൃത്യമായി രേഖപ്പെടുത്തുക: കഴിഞ്ഞ മാസം എന്തിനൊക്കെയാണ് പണം ചെലവഴിച്ചതെന്ന് മൊബൈലിലോ നോട്ട്ബുക്കിലോ കൃത്യമായി എഴുതിവെക്കണം.
അത്യാവശ്യവും ആഡംബരവും തിരിച്ചറിയുക: ഭക്ഷണം, താമസം തുടങ്ങിയ അത്യാവശ്യ ചെലവുകളും പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യ ഷോപ്പിംഗ് പോലുള്ള ആഡംബര ചെലവുകളും എത്രയെന്ന് മനസ്സിലാക്കുക.
സമ്പാദ്യം മാറ്റി വെക്കുക: നിങ്ങളുടെ ശമ്പളത്തിന്റെ ചുരുങ്ങിയത് 10% എങ്കിലും ആദ്യം സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റിവെച്ച ശേഷം ബാക്കിയുള്ള തുക കൊണ്ട് മാസം ജീവിക്കാൻ ശ്രമിക്കുക.
ക്രെഡിറ്റ് കാർഡ് ഒഴിവാക്കുക: ക്രെഡിറ്റ് കാർഡുകൾ വഴി സാധനങ്ങൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, കാരണം ഇതിന്റെ പലിശ നിരക്ക് കൂടുതലാണ്.
ഇ.എം.ഐ. (EMI) നിയന്ത്രിക്കുക: അത്യാവശ്യമില്ലാത്ത സാധനങ്ങൾക്ക് ഇ.എം.ഐ. എടുക്കുന്നത് ഒഴിവാക്കുക. മാസത്തവണകളായി വലിയൊരു തുക നൽകേണ്ടി വരുന്നത് ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇല്ലാതാക്കും.
യുഎഇയിലെ മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ:
റിയൽ എസ്റ്റേറ്റ്: ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിൽ ഫ്ലാറ്റുകളോ ചെറിയ സ്ഥലങ്ങളോ വാങ്ങി വാടകയ്ക്ക് കൊടുക്കുന്നത് വഴി നല്ല ലാഭം നേടാം. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 6% മുതൽ 9% വരെ റിട്ടേൺ ഇതിലൂടെ ലഭിക്കാൻ സാധ്യതയുണ്ട്.
മ്യൂച്വൽ ഫണ്ടുകൾ: യുഎഇയുടെ അംഗീകൃത ലൈസൻസുള്ള നിക്ഷേപ പ്ലാറ്റ്ഫോമുകൾ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.
സ്വർണ്ണം: കേരളത്തിൽ എന്നപോലെ യുഎഇയിലും സ്വർണ്ണം എപ്പോഴും സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ഇതൊരു വലിയ സമ്പാദ്യമായി മാറിയിട്ടുണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
അമ്പമ്പോ കോളടിച്ചല്ലോ! ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം ; ഏങ്ങനെയെന്ന് അറിഞ്ഞോ?
ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിനെ വരവേൽക്കുന്നതിന്റെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ), ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി, ദുബായിൽനിന്ന് പുറത്തിറക്കുന്ന വിസകളിലും എമിറേറ്റിന്റെ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലെ എൻട്രി സ്റ്റാമ്പുകളിലും ഇനി ഗ്ലോബൽ വില്ലേജിന്റെ ലോഗോ പതിപ്പിക്കും.
പ്രത്യേക ലോഗോ പതിപ്പിച്ച ഈ സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസത്തിനുള്ളിൽ സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ഓരോ വ്യക്തിക്കും ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ദുബായിയുടെ സാംസ്കാരികപരമായ തുറന്ന സമീപനത്തെയും മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭമാണിതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. വിസകളിലും എൻട്രി സ്റ്റാമ്പുകളിലുമുള്ള ഈ പ്രത്യേക ലോഗോ, യു.എ.ഇയുടെ പ്രധാന സാംസ്കാരിക ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജിനെ ലക്ഷക്കണക്കിന് വിദേശ സന്ദർശകർക്ക് പരിചയപ്പെടുത്താൻ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ദുബായ് 2033 വിഷന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി, ദുബായ് ഹോൾഡിങ് എൻ്റർടൈൻമെൻ്റ് ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡൻ്റ് സൈന ദാഗർ, മാർക്കറ്റിങ് ആൻഡ് ഇവൻ്റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply